തിരുച്ചിറപ്പള്ളി : തമിഴ്‌നാട്ടില്‍ ഇന്ന് 6,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ കൂടി ഇന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 3,494 ആയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബാങ്കിന്റെ ശാഖയിലെ 38 ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നേരത്തെ ഈ ബാങ്കിലെ ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ബാങ്ക് സന്ദര്‍ശിച്ച ഇടപാടുകാരോട് പരിശോധനകള്‍ക്ക് വിധേയരാകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ബാങ്കില്‍ ഇടപാടിനായി എത്തിയവര്‍ സ്വയം കൊവിഡ് പരിശോധനക്കായി എത്തണമെന്ന് അധികൃതര്‍ അറിയിപ്പ് നല്‍കി. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് എല്ലാവരുടെയും പരിശോധന നടത്തിയത്. ഇയാളില്‍ നിന്നാണ് മറ്റുള്ളവരിലേക്കും രോഗം പടര്‍ന്നതെന്ന് സംശയമുണ്ട്. വയോധികരടക്കം ആയിരക്കണക്കിന് ഇടപാടുകാര്‍ കഴിഞ്ഞ ദിവസങ്ങളിലായി ബാങ്കില്‍ എത്തിയിട്ടുണ്ട്. ബാങ്കില്‍ അണുനശീകരണം നടത്തി.സമീപ ദിവസങ്ങളില്‍ ബാങ്കില്‍ എത്തിയവരെ ബന്ധപ്പെടാന്‍ ആരോഗ്യവിഭാഗം ശ്രമിക്കുന്നുണ്ട്.

നിലവില്‍ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2,13,723 ആയി. 1,56,526 പേര്‍ രോഗമുക്തരായി. സജീവ കേസുകളുടെ എണ്ണം 53,703 ആണ്.