ലോസ്‌ആഞ്ചലസ് : യു.എസിനും കരീബിയന്‍ പ്രദേശങ്ങള്‍ക്കും ഭീഷണിയുയര്‍ത്തി മൂന്ന് കൊടുങ്കാറ്റുകള്‍. മൂന്നെണ്ണവും ഈ ആഴ്ച തന്നെ തീരം തൊടാനാണ് സാദ്ധ്യതയെന്നതും ആശങ്കകള്‍ക്കിടയാക്കുന്നു. യു.എസ് സംസ്ഥാനങ്ങളായ ടെക്സസ്, ഹവായി എന്നിവയേയും കരീബിയന്‍ ദ്വീപുകളെയും ലക്ഷ്യമാക്കിയാണ് കാറ്റുകള്‍ നീങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഉഷ്ണമേഖല കൊടുങ്കാറ്റുകളും ഒരെണ്ണം ചുഴലിക്കൊടുങ്കാറ്റുമാണ്.

മെക്സിക്കോ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ഹന്ന, അറ്റ്‌ലാന്‍ഡിക് സമുദ്രത്തില്‍ രൂപപ്പെട്ട ഗോണ്‍സാലോ എന്നിവയാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ഡഗ്ലസ് ചുഴലിക്കാറ്റാണ് യു.എസിനെ ലക്ഷ്യമായി നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഹവായി, ടെക്സസ്, കരീബിയന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹന്ന കൊടുങ്കാറ്റിന്റെ ശക്തി കൂടുന്നതായും പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെ ടെക്സസ് തീരത്തേക്ക് ആഞ്ഞടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ടെക്സസില്‍ മണിക്കൂറില്‍ മണിക്കൂറില്‍ 75 മൈല്‍ വേഗതയിലായിരിക്കും ഹന്ന എത്തുക. ഹന്ന എത്തുന്നതോടെ ടെക്സസിലും മെക്സിക്കോയുടെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ഹവായിയെ ലക്ഷ്യമാക്കിയാണ് ഡഗ്ലസ് കൊടുങ്കാറ്റ് നീങ്ങുന്നത്. എന്നാല്‍ കരയിലേക്കെത്തുമ്ബോള്‍ ഡഗ്ലസിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച പുലര്‍ച്ചെയാടെ ഡഗ്ലസ് ഹവായിയിലെത്തും.

ഗോണ്‍സാലോ നിലവില്‍ തെക്ക് ദിശയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കരീബിയന്‍ ദ്വീപുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഗോണ്‍സാലോ കാരണമാകും. പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്. ബാര്‍ബഡോസ് ദ്വീപിന്റെ പടിഞ്ഞാറാണ് നിലവില്‍ ഗോണ്‍സാലോയുടെ സ്ഥാനം. മൂന്നെണ്ണത്തിലും താരതമ്യേന ശക്തി കുറഞ്ഞത് ഗോണ്‍സാലോയ്ക്കാണ്. ഞായറാഴ്ച കരയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗോണ്‍സാലോ തെക്കന്‍ കരീബിയന്‍ പ്രദേശത്ത് കൂടി നീങ്ങി അടുത്ത ആഴ്ചയോടെ ദുര്‍ബലമാകും.