യുവഗായിക ആര്യ ദയാലിനെ അഭിനന്ദിച്ച്‌ അമിതാഭ് ബച്ചന്‍. കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോര്‍ത്തിണക്കിയുള്ള ആര്യയുടെ പാട്ട് വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ ഗാനം നിരവധി ആളുകളാണ് ഇതിനോടകം തന്നെ ഷെയര്‍ ചെയ്തിരിക്കുന്നത്.

എഡ് ഷീരന്റെ ‘ഷേപ്പ് ഓഫ് യൂ’ എന്ന പാട്ടിനൊപ്പം യൂക്കലേല മീട്ടി പാടുന്ന ആര്യയുടെ വീഡിയോയാണ് ബിഗ് ബി പങ്കുവെച്ചിരിക്കുന്നത്.

സുഹൃത്തായ ഒരാളാണ് തനിക്ക് ആര്യയുടെ വീഡിയോ അയച്ചു തന്നത്. ആര്യക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെ എന്നും അമിതാഭ് എഴുതി. മറ്റൊരിക്കലുമില്ലാത്ത വിധം തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നും ബിഗ് ബി പറയുന്നു. കര്‍ണാടക സംഗീതവും വെസ്റ്റേണ്‍ പോപ്പും മിക്സ് ചെയ്യുക അത്ര എളുപ്പമുള്ള പക്ഷെ വളരെ അനായാസമായാണ് ആര്യ അത് ചെയ്തിരിക്കുന്നത് എന്നും ഇതുപോലെ മുന്നോട്ടും തുടരണമെന്നും അദ്ദേഹം എഴുതി.

തന്റെ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊരു കാര്യം വിചാരിച്ചിരുന്നില്ല എന്നും അമിതാഭ് എത്രയും പെട്ടെന്നു തന്നെ രോഗമുക്തി നേടട്ടെ എന്നും ആര്യ ഇതിനു മറുപടിയായി കുറിച്ചു.

ആര്യയുടെ പാട്ട് സോഷ്യല്‍മീഡിയയ്ക്ക് മുമ്ബും പരിചയമുണ്ട്. സഖാവ് എന്നൊരു കവിതയിലൂടെയാണ് ആര്യയുടെ ശബ്ദം വൈറലാകുന്നത്. നിരവധി പേരാണ് ആ കവിത ഷെയര്‍ ചെയ്തിരുന്നത്.