പുതുച്ചേരി: പുതുച്ചേരിയില്‍ എംഎല്‍എയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവും കതിര്‍ഗ്രാമം മണ്ഡലത്തിലെ ജനപ്രതിനിധിയുമായ എന്‍എസ്ജെ ജയപാലിനാണു രോഗം സ്ഥിരീകരിച്ചത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് ഇദ്ദേഹം.

നിയമസഭ സമ്മേളനത്തില്‍ ജൂലൈ 20 മുതല്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നാലുദിവസം നിയമസഭയില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് സ്രവപരിശോധന നടത്തിയത്. ജയപാലിനെ പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സമ്മേളനത്തില്‍ പങ്കെടുത്ത സഭാംഗങ്ങളെ കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.

എം.എല്‍.എ യുമായി നേരിട്ട് സമ്ബര്‍ക്കമുണ്ടായ മുഖ്യമന്ത്രി വി.നാരായണസ്വാമിയടക്കം അഞ്ച് മന്ത്രിമാരെ ക്വാറന്റീനിലാക്കാന്‍ നിര്‍ദ്ദേശമുണ്ട്. മറ്റ് എം.എല്‍.എമാരോടും നിയമസഭ ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.