തൃശ്ശൂര്‍: അന്തിക്കാട് പോലീസ് സ്റ്റേഷനിലെ വനിത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലെ 32 പൊലീസുകാര്‍ നിരീക്ഷണത്തില്‍. ആകെ എട്ട് പൊലീസുകാരാണ് സ്റ്റേഷനില്‍ ബാക്കിയാവുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ അന്തിക്കാട് സ്റ്റേഷനിലെ അംഗബലം 40 ആയിരുന്നു.

ഇക്കഴിഞ്ഞ അഞ്ചിന് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ച പുത്തന്‍പീടിക സ്വദേശിനി വത്സലയുടെ ഇന്‍ക്വസ്റ്റ് നടപടികളില്‍ പങ്കെടുത്ത സി.പി.ഒയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം നടന്ന പരിശോധനയില്‍ വത്സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നില്ല സംസ്‌ക്കാരം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍. നാല് ദിവസം കഴിഞ്ഞാണ് കോവിഡിനെത്തുടര്‍ന്നാണ് ഇവരുടെ മരണമെന്ന് ഉറപ്പിച്ചത്. അതിന് ശേഷമാണ് അവരുമായി ബന്ധപ്പെട്ട എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടത്.

നിരീക്ഷണത്തിലിരിക്കെയാണ് കഴിഞ്ഞദിവസം ചേര്‍പ്പ് സ്വദേശിനിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

അന്തിക്കാട് സി.ഐ.യ്ക്ക് പകരമായി കൊടുങ്ങല്ലൂര്‍ എസ്.ഐ.ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. നിലവിലുള്ള എട്ട് പൊലീസുകാര്‍ക്ക് പുറമേ മറ്റ് സ്റ്റേറേഷനുകളില്‍ നിന്ന് എട്ട് പൊലീസുകാരെ കൂടി വിന്യസിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനുകളില്‍ ജീവനക്കാരുടെ അനുപാതം 50:50 ആക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവ് പാാലിക്കാത്തതാണ് സ്റ്റേഷന്‍്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.