തിരുവനന്തപുരത്തെ പോത്തീസ്‌, രാമചന്ദ്രന്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണിത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും സ്ഥാപനങ്ങള്‍ പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും ഇത് കോവിഡ് വ്യാപനത്തിന് കാരണമായിയെന്നും മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. നിലവില്‍ അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് താത്കാലികമായിട്ടാണ് റദ്ദാക്കിയത്.

നേരത്തെ നടത്തിയ പരിശോധനയില്‍ രാമചന്ദ്രനിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം തന്നെ നഗരത്തിലെ സാഹചര്യം സങ്കീര്‍ണ്ണമാക്കുന്നതില്‍ പങ്കു വഹിച്ചു എന്നതാണ് നഗരസഭയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിലേക്ക് നഗരസഭയെത്തിയത്.

രാമചന്ദ്രനിലെ എണ്‍പതിലധികം ജീവനക്കാര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ നിന്നുമുള്ള ജീവനക്കാരെ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജോലിക്കായി നിയോഗിച്ചിരുന്നത്. കടകളില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ആളുകള്‍ കൂട്ടം കൂടിയതായും ആരോപണമുണ്ട്. ഇതിലൂടെ കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ കാരണമായി.

ജില്ലയില്‍ കഴിഞ്ഞ ദിവസം 222 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 203 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. തിരുവനന്തപുരത്ത് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ജൂലൈ 28 വരെ നീട്ടിയിരുന്നു. പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ മേക്കൊല്ല (വാര്‍ഡ് 9 ), നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമ്മൂട് (വാര്‍ഡ് 7) എന്നീ പ്രാദേശങ്ങളും കണ്ടെയ്‌ന്‍മെന്‍റ് സോണാക്കിയിരുന്നു.