ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 51 പേരുടെ വിലാസവും നമ്ബറും അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ രോഗികളുടെ വിവരം പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഡിഎംഒയുടെ റിപ്പോര്‍ട്ട് തേടി. ആരോഗ്യ വകുപ്പില്‍ നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് സൂചന.

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മരിച്ച മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 69 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മുപ്പത്തിയഞ്ചായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബെംഗളൂരുവില്‍ നിന്നും ഇദ്ദേഹം കുടുംബത്തോടൊപ്പം എത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് കുഴഞ്ഞു വീണ് മരിച്ചത്. ചൊവ്വാഴ്ച്ച പനി കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് കൂടുതല്‍ പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ എല്ലാ ഞായറാഴ്ച്ചകളിലും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് 43 പേര്‍ക്കാണ് തൂണേരിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 93 പേര്‍ക്കാണ് ഈ പ്രദേശത്ത് രോഗം ബാധിച്ചത്. വടകരയില്‍ 16 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കൊയിലാണ്ടി, ചോമ്ബാല ഹാര്‍ബര്‍ പൂര്‍ണമായും അടച്ചിടും.