തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രം സംബന്ധിച്ച, മുന്‍ രാജാവിന്റെ കുടുംബത്തിനനുകൂലമായ സുപ്രീംകോടതി വിധി സ്വാ​ഗതം ചെയ്യാതെ ഭരണ പരിഷ്കാരകമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കേസില്‍ സര്‍ക്കാര്‍ നിലപാട് പ്രധാനമായിരുന്നു എന്ന് വി.എസ് പറഞ്ഞു.

‘പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകള്‍ തുറക്കുന്നതിനും ഏറെ മുമ്ബ്, ക്ഷേത്രാധികാരികള്‍തന്നെ ക്ഷേത്രമുതല്‍ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാന്‍. എന്റെ ചില പരാമര്‍ശങ്ങള്‍ വിവാദത്തിന്റെ തലത്തില്‍ എത്തുകയുമുണ്ടായി’

യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത് എന്നത് കേസിന്റെ വിധിയില്‍ പ്രകടമായിട്ടുണ്ടാകാം. ഇത്തരം കേസുകളില്‍ ജനകീയ സര്‍ക്കാരുകള്‍ എത്രമാത്രം ശ്രദ്ധ പുലര്‍ത്തുന്നു എന്നതും നിലപാടുകളും പ്രധാനമാണ്. സമിതി രൂപീകരണ തീരുമാനം നടപ്പാക്കുന്നതില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷ വരുത്തിയെന്നും അച്യുതാനന്ദന്‍ പ്രതികരിച്ചു.

അന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയും ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും ക്ഷേത്ര സമ്ബത്തിന്റെ സംരക്ഷണത്തിനു വേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതിയുണ്ടാക്കണമായിരുന്നു. എന്നാല്‍ വിധി വന്ന ഉടനെത്തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും, പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്തുകയുമായിരുന്നുവെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് കൂട്ടിച്ചേര്‍ത്തു.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മുന്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.