തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ എന്‍ഐഎ കസ്റ്റഡിയിലായ സ്വപ്‌ന സുരേഷിനും സഹായിക്കും അതിര്‍ത്തി കടക്കാന്‍ സഹായം നല്‍കിയത് കേരള പോലീസാണെന്ന ആരോപണവുമായി പ്രതിപക്ഷം. സ്വപ്‌നയേയും മറ്റൊരു പ്രതി സന്ദീപ് നായരേയും എന്‍ഐഎ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരേയും പൊലീസിനെതിരേയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

ലോക്ക്ഡൗണില്‍ ഒന്ന് പുറത്തേക്കിറങ്ങാന്‍ ബുദ്ധിമുട്ടുള്ള സമയത്താണ് ഒരു വ്യക്തി അതും കസ്റ്റംസും മറ്റും അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതി, നിസാരമായി ബാംഗ്ലൂരിലേക്ക് ഒളിച്ചോടിയത്. ഈ സമയത്ത് പോലീസ് കണ്ണടച്ചിരിക്കുകയായിരുന്നോ അതോ അവരെ മറുകണ്ടം ചാടിക്കാന്‍ സഹായിക്കുകയായിരുന്നോയെന്ന് ചെന്നിത്തല ചോദിച്ചു. പോലീസ് സഹായം വ്യക്തമാണെന്നും ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ഇതേക്കുറിച്ചെന്തെങ്കിലും പറയാനുണ്ടോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.