തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത്‌ കേസിലെ മുഖ്യ സൂത്രധാരന്‍ എറണാകുളം തൈപ്പറമ്ബില്‍ ഫൈസല്‍ ഫരീദ്‌. ഇയാളാണ്‌ കേസിലെ മൂന്നാംപ്രതി. ഫൈസല്‍ ഫരീദിനെക്കുറിച്ച്‌ മുഴുവന്‍ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക്‌(എന്‍.ഐ.എ) ലഭിച്ചു.

ദുബായ്‌ കേന്ദ്രീകരിച്ചാണ്‌ ൈഫസലിന്റെ പ്രവര്‍ത്തനം. രാജ്യാന്തരകുറ്റവാളികളുടെ ഇന്ത്യയിലെ പ്രധാന ഇടനിലക്കാരനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിക്കുന്ന ആളുമാണ്‌ ഫൈസലെന്ന്‌ എന്‍.ഐ.എ. സ്വര്‍ണക്കടത്തില്‍ ലഭിക്കുന്ന പണം തീവ്രവാദ സംഘടനകള്‍ക്ക്‌ ഫരീദ്‌ കൈമാറിയിട്ടുണ്ട്‌. കോഴിക്കോട്‌ കൊടുവളളി സ്വര്‍ണക്കടത്തുസംഘത്തിന്റെ മുഖ്യ കണ്ണികളില്‍ ഒരാളായ ഫൈസലിനു വിപുലമായ രാഷ്‌ട്രീയ ബന്ധങ്ങളുണ്ട്‌

കോണ്‍സുലേറ്റില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്‌റ്റിലായ സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായര്‍, യു.എ.ഇ. കോണ്‍സുലേറ്റ്‌ മുന്‍ പി.ആര്‍.ഒ: പി.എസ്‌.സരിത്ത്‌ എന്നിവര്‍ ഫരീദിന്റെ നിര്‍ദേശപ്രകാരമാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. സന്ദീപിന്‌ ബെന്‍സ്‌ കാര്‍ വാങ്ങിനല്‍കിയത്‌ ഫരീദായിരുന്നു. ഭീകരപ്രവര്‍ത്തനത്തിനു ജയില്‍ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പലവട്ടം ഫരീദ്‌ സന്ദര്‍ശിച്ചിട്ടുണ്ട്‌. അതേസമയം സ്വര്‍ണക്കടത്ത്‌ നടന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലെ നിര്‍ണായക 23 സി.സി.ടി.വി. കാമറാ ദൃശ്യങ്ങള്‍ കസ്‌റ്റംസ്‌ ഏറ്റുവാങ്ങി.