ന്യൂഡല്‍ഹി: എട്ട് പോലിസുകാരെ വെടിവച്ച്‌ കൊന്ന കേസിലെ മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ വികാസ് ദുബെ കൊല്ലപ്പെട്ടു. പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോവുകയായിരുന്നു പോലിസ്. യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും, മറിഞ്ഞ വാഹനത്തില്‍ നിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് വെടിവച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ദുബെയുമായി പോയ വാഹനം കാണ്‍പൂരിന് സമീപം അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ വികാസ് ദുബൈ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവയ്പ്പ് നടന്നെന്നും പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നും ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്നലെ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ യുപി പോലിസ് വകവരുത്തിയിരുന്നു. പ്രഹ്‌ളാദ് എന്ന അനുയായി അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ പോലിസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലുണ്ടാവുകയും കൊലപ്പെടുകയും ചെയ്തുവെന്നാണ് യുപി പോലിസ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലിസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പോലിസുകാരായിരുന്നു കൊല്ലപ്പെട്ടത്.