മുംബൈ : ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ഓരോ ക്ലാസിലും പതിനഞ്ച് കുട്ടികള്‍ വീതമായി മഹാരാഷ്ട്രയില്‍ സ്കൂളുകള്‍ തുറന്നു. ചന്ദ്രപുര്‍, ഗാദ്ചിരോളി ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ജൂലായ് ആറ് മുതല്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഈ ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ 9,10,12 ക്ലാസുകള്‍ ആരംഭിക്കാനുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 15 ന് പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളുകള്‍ തുറക്കുന്ന കാര്യം മാനേജ്മെന്റ് കമ്മിറ്റികളും പ്രാദേശികഭരണകൂടവും സംയുക്തമായി തീരുമാനിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിപാദിച്ചിരുന്നു.

എന്നാല്‍ ജൂലായ് 31 വരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെതിരായാണ് മഹാരാഷ്ട്രയില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചിട്ടുള്ളത്. മാധേലി ഗ്രാമത്തില്‍ 9, 10, 11 ക്ലാസുകള്‍ മാത്രമാണ് തുടങ്ങിയത്. ദിവസേന മൂന്ന് മണിക്കൂറാണ് ക്ലാസ്. ഇത് അഞ്ച് പിരിയഡായി വിഭജിച്ചിച്ചുണ്ട്. ഉച്ചഭക്ഷണം കഴിക്കാന്‍ ഓരോ വിദ്യാര്‍ഥിയെ മാത്രമായി പുറത്തു വിടുമെന്ന് മാധേലി സ്കൂള്‍ പ്രധാന അധ്യാപകന്‍ അറിയിച്ചു.

ആദ്യദിവസം 50 ശതമാനം മാത്രമായിരുന്നു ഹാജരെങ്കിലും അടുത്ത ദിവസങ്ങളില്‍ ഇത് 85 ശതമാനമായി ഉയര്‍ന്നു. ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ കുട്ടികളും സ്കൂളിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് സ്കൂള്‍ കോമ്ബൗണ്ടില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസറുകള്‍ നല്‍കുന്നുണ്ട്. മാസ്ക് ധരിക്കണം.

എന്നാല്‍ മറ്റു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സാമൂഹിക അകലം പാലിച്ച്‌ തുറന്ന സ്ഥലങ്ങളില്‍ ക്ലാസുകളെടുക്കുന്ന രീതി ആരംഭിക്കാനാണ് നീക്കം. ജൂലായ് ഏഴ് മുതല്‍ ഇത്തരം ക്ലാസുകള്‍ ആരംഭിച്ചതായും 100 ശതമാനം വിദ്യാര്‍ഥികളും ക്ലാസുകളില്‍ എത്തിയതായും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി. ബോറി, ഗല്‍ക്ക, വഡ്ഗാവ്, പാവ്നി ജില്ലകളില്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തുറന്ന ക്ലാസുകളും ആരംഭിച്ചു.