കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 30കാരനെ ബന്ദിയാക്കിയ ശേഷം ഭിക്ഷാടക സംഘത്തിന് വിറ്റതായി പരാതി. സുരേഷ് മാഞ്ചിയെന്ന യുവാവിനെയാണ് പരിചയക്കാരനായ വിജയ് ബന്ദിയാക്കിയ ശേഷം 70000 രൂപയ്ക്ക് വിറ്റത്. ഇയാളുടെ കണ്ണില്‍ പ്രതി രാസവസ്തുക്കള്‍ ഒഴിച്ച് കാഴ്ച ശക്തി നശിപ്പിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തു. ആറുമാസം മുമ്പായിരുന്നു സംഭവം.
ജോലി അന്വേഷിച്ച് അലഞ്ഞുതിരിയുന്നതിനിടെയാണ് സുരേഷ് മാഞ്ചിയെ പരിചയക്കാരനായ വിജയ് തട്ടിക്കൊണ്ടുപോയത്. യുപിയിലെ ജാക്കര്‍കാട്ടി പാലത്തിനടിയില്‍ നിന്നാണ് ഇയാളെ കൊണ്ടുപോയത്. പിന്നാലെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി കൈകാലുകള്‍ ഒടിക്കുകയായിരുന്നു. പ്രതി സുരേഷിനെതിരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുരേഷിനെ ഡല്‍ഹിയിലെ ഭിക്ഷാടന സംഘത്തിന്റെ തലവനായ രാജിന് 70,000 രൂപയ്ക്ക് വിറ്റു. അവിടെ വെച്ച് മര്‍ദനത്തെ തുടര്‍ന്ന് മാഞ്ചിയുടെ ആരോഗ്യനില വഷളായതിനാല്‍ രണ്ട് മാസം മുമ്പ് കാണ്‍പൂരിലേക്ക് വിജയ്‌യുടെ അടുത്തേക്ക് അയക്കുകയായിരുന്നു.
കാണ്‍പൂര്‍ നഗരത്തില്‍ തിരിച്ചെത്തിയ സുരേഷ് വിശപ്പും ദാഹവും സഹിക്കാനാവാതെ ഭിക്ഷാടനത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ക്ക് നൗബസ്തയിലെ വീട്ടില്‍ എത്താന്‍ കഴിഞ്ഞതാണ് വഴിത്തിരിവായത്. കിദ്വായിനഗറില്‍ വെച്ച ഒരു വഴിയാത്രക്കാരന്റെ സഹായത്തോടെ സഹോദരന്മാരായ രമേശിനെയും പ്രവേഷിനെയും സുരേഷ് കണ്ടുമുട്ടുകയായിരുന്നു.
സംഭവം അറിഞ്ഞ റീജിയണല്‍ കൗണ്‍സിലര്‍ പ്രശാന്ത് ശുക്ല നൗബസ്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സുരേഷിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതാണെന്ന് പ്രാദേശിക കൗണ്‍സിലര്‍ പറഞ്ഞു.
ഒരു പ്രാദേശിക എംഎല്‍എയാണ് ഇയാള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം നല്‍കിയതെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും എസിപി വികാസ് പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സൗത്ത് ഡിസിപി പ്രമോദ് കുമാര്‍ പറഞ്ഞു. അന്വേഷണത്തിനായി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.



