ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ലോക പൊലീസ് ആയാണ് യുഎസ് സ്വയം കരുതുന്നത്. യുഎസിന്റെ ശക്തി ക്ഷയിച്ചാല്‍ അതു ലോകത്തെ ആകെ ബാധിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണം യുഎസിന്റെ മുഖത്ത് ലഭിച്ച അടികൂടി ആയാണ് ലോകം കരുതുന്നത്. ഇതിന് കാരണം സാക്ഷാല്‍ പ്രസിഡന്റ് ബൈഡന്‍ ആണെന്ന ആരോപണവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നതോടെ ഇസ്രയേല്‍ ആക്രമണം യുഎസ് രാഷ്ട്രീയത്തിലും കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നില്‍ പ്രസിഡന്റ് ജോ ബൈഡനെ ഡൊണാള്‍ഡ് ട്രംപ്. ശക്തമായി കുറ്റപ്പെടുത്തി രംഗത്തുവന്നത് ശ്രദ്ധേയമായി. ബൈഡനെ ‘ദുര്‍ബലനായി’ കണക്കാക്കുന്നതിനാലാണ് അക്രമിക്കാന്‍ ഹമാസിന് ധൈര്യം വന്നതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ‘ഇത് ഒരു വലിയ ആക്രമണമായിരുന്നു, എല്ലായിടത്തും ധാരാളം ആളുകള്‍ മരിച്ചു. എന്തുകൊണ്ട് ആക്രണമം ഉണ്ടായി. ഒരേയൊരു കാരണം നമ്മുടെ പ്രസിഡന്റ് ദുര്‍ബലനാണെന്ന് അവര്‍ക്കു തോന്നി. – ട്രംപ് അയോവയിലെ വാട്ടര്‍ലൂ റാലിയില്‍ സദസ്സിനോട് പറഞ്ഞു.

ആക്രമണത്തിനിടെ ഹമാസിന്റെ തീവ്രവാദികള്‍ ഇസ്രായേല്‍ പട്ടണങ്ങളില്‍ നുഴഞ്ഞുകയറുകയും മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്തു. ഇസ്രായേലില്‍ 250 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗാസയില്‍ 232 പേരുടെ മരണത്തിനും കാരണമായി. ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തെ ‘കൊലപാതകം’ എന്ന് വിളിച്ചു.

താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഭൗമരാഷ്ട്രീയ സംഘട്ടനങ്ങളുടെ പരമ്പര തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് ട്രംപ് റാലിയില്‍ പറഞ്ഞു. ”അവര്‍ക്ക് ഞാനിരിക്കുമ്പോള്‍ ഇത്ര ധൈര്യത്തോടെ ആക്രമണത്തിന് തുനിയാന്‍ കഴിയുമായിരുന്നില്ല. ഞാനുണ്ടായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. എന്തൊക്കെ സംഭവിക്കില്ല എന്ന് നിങ്ങള്‍ക്കറിയാമോ? യുക്രെയ്ന്‍ സംഭവിക്കുമായിരുന്നില്ല. തായ്വാനും തായ്വാനുമായുള്ള ഈ കടുത്ത സംഘര്‍ഷവും സംഭവിക്കുമായിരുന്നില്ല.- ട്രംപ് അവകാശപ്പെട്ടു.

”നമ്മള്‍ ദുര്‍ബലരും ഫലപ്രദരല്ലെന്നും നമ്മടെ നേതാവ് ദുര്‍ബലനാണെന്നും അവര്‍ക്ക് തോന്നി. അതുകൊണ്ടാണ് ഇസ്രയേലിനെതിരേ ഈ ആക്രമണം നടന്നതെന്ന് ട്രംപ് ആരോപിച്ചു. ട്രംപിന്റെ മകനും അമേരിക്കന്‍ ‘ബലഹീനത’യെക്കുറിച്ച് എക്‌സ് പ്ലാറ്റ്‌മോഫിലൂടെ രംഗത്തുവന്നു. കുട്ടികളെ ഭരണകൂടം ബലഹീനരാക്കുന്നു. ആണ്‍കുട്ടികളെ സ്ത്രീവല്‍ക്കരിക്കുന്നു, പുരുഷന്‍മാരെ ആക്രമിക്കുന്നു, ട്രാന്‍സ് ഭ്രാന്തിനെ മഹത്വപ്പെടുത്തുന്നു. ഇസ്രായേലിന്റെ തെരുവുകളില്‍ നിരപരാധികളായ സാധാരണക്കാരെ ആക്രമിച്ചവര്‍ നാളെ നിങ്ങളുടെ വാതില്‍പ്പടിയിലും എത്തും. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള ശേഷി അപ്പോഴേക്കും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കും.- അദ്ദേഹം കുറിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയും സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ”ബൈഡന്‍ നയത്തിന്റെ ഫലമായാണ് ഹമാസ് ആക്രമണം. അത് എത്രത്തോളമാണെന്ന് അറിയണോ? ഇത് രണ്ട് മാസം മുമ്പുള്ളതാണ്. ‘ – രാമസ്വാമി ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തു. ബൈഡന്‍ ഭരണകൂടം പലസ്തീന് സഹായം നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു എങ്കിലും അതുമായി മുന്നോട്ടു പോവുകയായിരുന്നു. ബൈഡന്റെ വികലമായ വിദേശ നയമാണ് ഇസ്രയേലിനെതിരേ നടന്ന ആക്രമണത്തിന് കാരണമെന്നും രാമസ്വാമി കുറ്റപ്പെടുത്തി.

”അമേരിക്കയുടെ തകര്‍ന്ന വിദേശനയ സ്ഥാപനത്തിന് അവര്‍ ഹമാസിന് ധനസഹായം നല്‍കുന്നുണ്ടെന്ന് അറിയാമായിരുന്നു. എന്നിട്ടും അവര്‍ അതുമായി മുന്നോട്ട് പോയി. കഴിഞ്ഞ മാസം ഇറാന് നല്‍കിയ അഭൂതപൂര്‍വമായ 6 ബില്യണ്‍ മോചനദ്രവ്യം പ്രശ്‌നം കൂടുതല്‍ വഷളാക്കി. നമ്മുടെ നികുതിദായകര്‍ നല്‍ുന്ന ഡോളറുകള്‍ ഇറാനും ഹമാസിനും ഹിസ്ബുള്ളയ്ക്കും ധനസഹായമായി പോവുകയാണ്. ഇത് എന്റെ ഭരണത്തിന്റെ ഒന്നാം ദിവസം അവസാനിക്കും.- അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു പോസ്റ്റില്‍ അദ്ദേഹം എഴുതി, ”ക്രൂരവും നിന്ദ്യവുമായ ഹമാസിന്റെ ആക്രമണങ്ങളില്‍ ഞാന്‍ ഞെട്ടിപ്പോയി. സാധാരണക്കാരെ വെടിവച്ചുകൊല്ലുന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും യുദ്ധക്കുറ്റമാണ്. നിലനില്‍ക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള ഇസ്രായേലിന്റെ അവകാശത്തെ ഒരിക്കലും സംശയിക്കേണ്ടതില്ല. ഇറാന്‍ പിന്തുണയുള്ള ഹമാസിനെയും ഹിസ്ബുള്ളയെയും വിജയിക്കാന്‍ അനുവദിക്കാനാവില്ല. ഞാന്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു, യുഎസും വേണം.- അദ്ദേഹം ആവശ്യപ്പെട്ടു.