ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തട്ടുപൊളിപ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വേഗത്തിലാണ് ഇന്ത്യ അടുക്കുന്നത്. അതിന് നന്ദി പറയേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തന്നെയാണ്. ആദ്യ പത്ത് ഓവറില്‍ രോഹിത് അടിച്ചെടുത്തത് 76 റണ്‍സാണ്. ഏകദിനത്തില്‍ ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ്. ആദ്യ പത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്‌കോറെന്ന നേട്ടാണ് രോഹിത്തിനെ തേടിയെത്തിയത്. 

ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയെയാണ് രോഹിത് മറികടന്നത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 70 റണ്‍സാണ് ഉത്തപ്പ നേടിയിരുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2003ല്‍ പാകിസ്ഥാനെതിരെ സച്ചിന്‍ ഒറ്റയ്ക്ക് 60 റണ്‍സ് നേടിയിരുന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരെ സെവാഗും 60 റണ്‍സ് നേടി. 2011ല്‍ ബംഗ്ലാദേശിനെതിരെ 59 റണ്‍സ് നേടിയതും സെവാഗ് തന്നെ.