ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: യുഎസും റഷ്യയും സൈനിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുമോ? യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചയില്‍ ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞിട്ടുള്ളത് പ്രാവര്‍ത്തികമായാല്‍ ലോകത്ത നിലനില്‍ക്കുന്ന യുദ്ധഭീതിക്ക് ഒരുപരിധി വരെ അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെല്ലാം പ്രതിരോധ ബജറ്റ് പകുതിയായി കുറയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പിന്തുണച്ചതോടെ പുതിയൊരു പുലരി ലോകം സ്വപ്‌നം കണ്ടു തുടങ്ങും. അതൊരു ‘നല്ല നിര്‍ദ്ദേശം’ ആണെന്നും റഷ്യ ‘ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണ്’ എന്നുമാണ് പുടിന്റെ പക്ഷം. ‘ഇത് നല്ല ആശയമാണെന്ന് ഞാന്‍ കരുതുന്നു. യുഎസ് 50 ശതമാനം കുറയ്ക്കും, ഞങ്ങള്‍ 50 ശതമാനം കുറയ്ക്കും. തുടര്‍ന്ന് ചൈന വേണമെങ്കില്‍ ചേരും.’ – പുടിന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
2022 ല്‍ യുക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചതിനുശേഷം റഷ്യ സൈനിക ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനും ആക്കം കൂട്ടി. 2024 ല്‍ പ്രതിരോധ, സുരക്ഷാ ചെലവ് ജിഡിപിയുടെ ഏകദേശം 8.7% എത്തുമെന്ന് പുടിന്‍ പറഞ്ഞു. ചൈനയ്ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ലെങ്കിലും, ഈ വിഷയത്തില്‍ വാഷിംഗ്ടണുമായി ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്ന് പുടിന്‍ സൂചിപ്പിച്ചു. ‘ചെലവ് കുറയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് യുഎസുമായി ഒരു ധാരണയിലെത്താം. ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നില്ല,’ എ്‌നുമാണ് പുടിന്റെ പക്ഷം.
യുക്രെയ്‌നില്‍ യൂറോപ്യന്‍ സമാധാനം?
യുക്രെയ്‌നിനായുള്ള സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്കും പുടിന്‍ സ്വാഗതം ചെയ്തു. മുന്‍പ് യൂറോപ്യന്‍ യൂണിയന്റെ ഇടപെടലില്‍ അസ്വസ്ഥനായിരുന്ന റഷ്യന്‍ പ്രസിഡന്റ് പക്ഷേ ഇപ്പോള്‍ ഇയുവിനെ സ്വാഗതം ചെയ്യുന്ന തരത്തില്‍ നയം പരിഷ്‌കരിച്ചിരുന്നു. റഷ്യയില്‍ നിന്ന് ആര്‍ക്കും ഒന്നും ആവശ്യപ്പെടാന്‍ കഴിയില്ലെന്നും പുട്ടിന്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയുമായി യൂറോപ്യന്‍ യൂണിയന്‍ വന്നാല്‍ പങ്കെടുക്കുമെന്നും പുടിന്‍ വ്യക്തമാക്കിയത് ശുഭസൂചനയാണെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ‘നമ്മളുമായുള്ള ബന്ധങ്ങള്‍ സ്വയം ഒഴിവാക്കി’ എന്ന് റഷ്യന്‍ നേതാവ് അവകാശപ്പെട്ടു. യുക്രെയ്‌നിന് സൈനിക വിജയം നേടാന്‍ കഴിയുമെന്ന് ഇയു വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി. ബ്രസീല്‍, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ കാഴ്ചപ്പാടുകളെ റഷ്യയും വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സമാധാനം കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഞങ്ങളുടെ എല്ലാ പങ്കാളികളോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്. അതുകൊണ്ടാണ് യൂറോപ്യന്മാര്‍ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും അതില്‍ പങ്കെടുക്കാമെന്നും ഞാന്‍ പറയുന്നത്. ഞങ്ങള്‍ ഇത് ശാന്തമായി കാണുന്നു.’ അദ്ദേഹം പറഞ്ഞു.
റിയാദില്‍ കഴിഞ്ഞയാഴ്ച നടന്ന റഷ്യന്‍, യുഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള യൂറോപ്യന്‍ ആശങ്കകളെ പുടിന്‍ തള്ളിക്കളഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം ‘വൈകാരിക’മാണെന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ പക്ഷം. മോസ്‌കോയും വാഷിംഗ്ടണും തമ്മിലുള്ള ‘വിശ്വാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള’ ശ്രമമായാണ് അദ്ദേഹം ചര്‍ച്ചകളെ വിലയിരുത്തുന്നത്. ട്രംപുമായുള്ള അദ്ദേഹത്തിന്റെ സമീപകാല ഫോണ്‍ സംഭാഷണത്തിലും റിയാദില്‍ നടന്ന കൂടിക്കാഴ്ചയിലും യുക്രേനിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കപ്പെട്ടതായും പുടിന്‍ പറഞ്ഞു.
സെലെന്‍സ്‌കി ‘ടോക്‌സിക്’
യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയെ ജനപ്രീതിയില്ലാത്തവനും ‘സ്വേച്ഛാധിപതി’യുമാണെന്നുള്ള ട്രംപിന്റെ അവകാശവാദത്തെ പുടിനും പിന്തുണച്ചു. ‘പരിഹാസ്യമായ ഉത്തരവുകള്‍’ നല്‍കിയതിന് സെലെന്‍സ്‌കിക്ക് യുക്രെയ്നിന്റെ സൈന്യത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും ‘സമൂഹത്തില്‍ മൊത്തത്തില്‍ ടോക്‌സിക്’ ആയി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെലെന്‍സ്‌കിയെ യുക്രെയ്നിന്റെ മുന്‍ സൈനിക കമാന്‍ഡര്‍-ഇന്‍-ചീഫ് വലേരി സാലുഷ്നിയുമായാണ് പുടിന്‍ താരതമ്യം ചെയ്തത്.
അടുത്തിടെ ലണ്ടനിലെ കീവ് അംബാസഡറായി നിയമിതനായ വലേരി സാലുഷ്നിയെ ‘സാധ്യതയുള്ള എതിരാളി’ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. യുക്രേനിയന്‍ പ്രസിഡന്റിനേക്കാള്‍ ഉയര്‍ന്ന അംഗീകാര റേറ്റിംഗുകള്‍ സലുഷ്നിക്ക് ലഭിച്ചതായും പുടിന് അവകാശപ്പെട്ടു. യുക്രെയ്നിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ തുടരുകയും കീവ്-ഉപയോഗിക്കുന്ന യുഎസ്, യൂറോപ്യന്‍ സൈനിക സഹായത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനിടയിലാണ് പുടിന്റെ പരാമര്‍ശങ്ങള്‍ എ്‌നതാണ് ശ്രദ്ധേയം.



