ഐഎസുമായി ബന്ധപ്പെട്ട സൈനിക, സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരുകൾ വേണ്ടത്ര ഉത്കണ്ഠ കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയിലെ കത്തോലിക്കാ ബിഷപ്പുമാർ. അയൽ രാജ്യങ്ങളിൽ വർധിച്ചുവരുന്ന തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തിൽ ആണ് ബിഷപ്പുമാർ ഇപ്രകാരം ഒരു മുന്നറിയിപ്പ് നൽകിയത്.

ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഈശ്വതിനി (മുമ്പ് സ്വാസിലാൻഡ് എന്നറിയപ്പെട്ടിരുന്നു) എന്നിവിടങ്ങളിൽ നിന്നുള്ള പുരോഹിതന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന സതേൺ ആഫ്രിക്കൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ  ഓഗസ്റ്റിലെ പ്ലീനറി അസംബ്ലിയിലാണ് ആശങ്കകൾ പ്രകടിപ്പിച്ചത്. “ദക്ഷിണാഫ്രിക്കയിൽ ഐഎസുമായി ബന്ധമുള്ള വ്യക്തികളുടെ സാന്നിധ്യത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും കുറിച്ചുള്ള സമീപകാല വാർത്തകൾ ആശങ്കാജനകമാണ്. ഇതേക്കുറിച്ച് സർക്കാരിൽ നിന്ന് കാര്യമായ പ്രതികരണം കേട്ടിട്ടില്ല; ഒരുപക്ഷേ അത് അപ്രധാനമാണെന്ന് കരുതുന്നതായിരിക്കാം.” ആഗസ്റ്റ് 5-9 സമ്മേളനത്തിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കോൺഫറൻസിന്റെ  പ്രസിഡൻ്റായ ദക്ഷിണാഫ്രിക്കയിലെ മത്താത്തയിലെ ബിഷപ്പ് സിതെംബെലെ സിപുക്ക പറഞ്ഞു.

മൊസാംബിക്, നൈജീരിയ തുടങ്ങിയ അയൽരാജ്യങ്ങളിലെ ഇസ്ലാമിക തീവ്രവാദികളുടെ ഊർജിത സംഘട്ടനങ്ങൾ ദക്ഷിണാഫ്രിക്കയിലേക്കും എത്തുമെന്ന ഭയവും ബിഷപ്പ് വെളിപ്പെടുത്തി. ബിഷപ്പുമാരുടെ മുന്നറിയിപ്പിന് തീവ്രവാദ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്ന മറ്റ് അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണയുണ്ട്. വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികൾ ദക്ഷിണാഫ്രിക്കയെ ഒരു കേന്ദ്രമായി ഉപയോഗിച്ചാണ് ഫണ്ട് ഒരു ഭാഗത്ത് നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് എന്നാണ്.

2022 മാർച്ചിൽ, യു. എസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ചില വ്യക്തികളെയും സ്ഥാപനങ്ങളെയും ട്രാൻസ്‌നാഷണൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ ധനസഹായ പ്രവർത്തനങ്ങളിൽ ഇടനിലക്കാരായി നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആണ് ബിഷപ്പുമാർ തീവ്രവാദികളുടെ പ്രവർത്തനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.