ലോക സമാധാനത്തിന് അണുവായുധങ്ങൾ ഇല്ലാതാക്കേണ്ടത് അനിവാര്യമാണെന്ന് ജപ്പാനിലെ ഹിരോഷിമ അണുബോംബു ദുരന്തത്തെ അതിജീവിച്ച മിച്ചിക്കൊ കോണൊ. 79 വയസ്സു പ്രായമുള്ള അതിജീവിത കോണൊ വത്തിക്കാൻ മാധ്യമ വിഭാഗത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ആണ് ആണവായുധങ്ങൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞത്.

1945 ആഗസ്റ്റ് 6-ന് രാവിലെ 8.15-ന് അമേരിക്കൻ ഐക്യനാടുകളുടെ ബി 29 യുദ്ധവിമാനം “ലിറ്റിൽ ബോയ്” എന്ന അണുബോംബ് ഹിരോഷിമയിൽ വർഷിച്ചപ്പോൾ മിച്ചിക്കൊ കോണൊയ്ക്ക് വെറും നാലുമാസം മാത്രമായിരുന്നു പ്രായം. കൈക്കുഞ്ഞായിരുന്ന കോണൊ തന്റെ മാതാപിതാക്കളോടൊപ്പം ആയിരുന്നിടത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് ബോംബ് പൊട്ടിയത്. അന്ന് എൺപതിനായിരത്തോളം പേർ തൽക്ഷണം മരിച്ചു.

അന്ന് കൈക്കുഞ്ഞായിരുന്ന കോണൊയ്ക്ക് ബോംബ്സ്ഫോടന സംഭവത്തെക്കുറിച്ച് പറയാനാകില്ലെങ്കിലും അണുവികിരണത്തിന്റെ അനന്തരഫലങ്ങളുടെ സാക്ഷിയായി അവൾ നിലകൊണ്ടു. തന്റെ അനുഭവങ്ങളിലൂടെയും സാക്ഷ്യം വഹിച്ച സംഭവങ്ങളിലൂടെയും അവൾ ആണവായുധങ്ങളുടെ നിർമ്മാണത്തിനെതിരെ പോരാടി. സംഭവിച്ചവയെക്കുറിച്ചും അണുബോംബിന്റെ അപകടങ്ങളെക്കുറിച്ചും ഇന്ന് ജനങ്ങൾ ബോധമുള്ളവരാണെന്നും അണുവായുധങ്ങൾക്ക് അറുതിവരുന്നതുന്നതിനുള്ള വഴികളെക്കുറിച്ച് ചിന്തിക്കണമെന്നും കോണൊ പറയുന്നു.