വിമതർക്ക് അധികാരം കൈമാറാൻ തയാറെന്ന് വ്യക്തമാക്കി സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി രംഗത്ത്. സമാധാനപരമായ അധികാര കൈമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 

സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസാദ് ദമാസ്കസിൽ നിന്ന് പലായനം ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഏത് നേതൃത്വവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി വ്യക്തമാക്കിയത്.

സിറിയയ്ക്ക് അയൽക്കാർ ഉൾപ്പെടെ ലോകവുമായി നല്ല ബന്ധം സ്ഥാപിക്കുന്ന ഒരു സാധാരണ രാജ്യമാകാൻ കഴിയും. എന്നാൽ ഈ വിഷയം സിറിയൻ ജനത തെരഞ്ഞെടുക്കുന്ന ഏതൊരു നേതൃത്വത്തെയും ആശ്രയിച്ചാണുള്ളത്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നേതൃത്വവുമായി സഹകരിക്കാനും സാധ്യമായതെല്ലാം വാഗ്ദാനം ചെയ്യാനും തയ്യാറാണ് എന്നാണ് ജലാലി വ്യക്തമാക്കിയത്. ഫേസ്ബുക്ക് അക്കൗണ്ടിൽ സംപ്രേക്ഷണം ചെയ്ത ഒരു പ്രസംഗത്തിൽ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ദമാസ്കസ് അടക്കം പലയിടത്തും ജനം തെരുവിലാണ് എന്നാണ് ലഭിക്കുന്ന വിവരം. പ്രസിഡന്‍റിന്‍റെ പ്രതിമകൾ പലയിടത്തും തകർക്കപ്പെടുന്നുണ്ട്. പ്രസിഡന്‍റ് രാജ്യം വിട്ടെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് താമസിക്കുന്ന രാജ്യത്തെ പൗരന്മാരോട് സ്വതന്ത്ര സിറിയയിലേക്ക് മടങ്ങാൻ വിമതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.