കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് പോലീസിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമർശമുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഈ പരാമർശം ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതോടെ നവീൻ ബാബുവിന്റെ മരണത്തിലുള്ള ദുരൂഹത ആരോപിച്ച കുടുംബത്തിൻ്റെ ആശങ്ക കൂടുതൽ ശക്തമാകുകയാണ്.
പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിന് പിന്നാലെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്കെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ പറഞ്ഞു.
“ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തിൽ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനർത്ഥം ഒരു മുറിവ് ശരീരത്തിൽ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്റെ ബാധ്യതയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണ്.” അതുകൊണ്ടാണ് സമഗ്രമായ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.



