സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് വളഞ്ഞ് വിമതസേന. മൂന്ന് സുപ്രധാന നഗരം പിടിച്ചെടുത്തെന്ന് വിമതര്‍ അവകാശപ്പെട്ടു. അതേസമയം സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രസിഡന്റ് ഇത് നിഷേധിച്ചു. വിമതര്‍ തലസ്ഥാനമായ ഡമാസ്‌കസിന് 20 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തങ്ങളുടെ സേന തലസ്ഥാന നഗരം വളയുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് വിമതരുടെ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും സിറിയന്‍ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ചു. പക്ഷേ ഡമാസ്‌കസിന്റെ സമീപപ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങി. പ്രധാന നഗരങ്ങളിലൊന്നായ ഹോംസിന്റെ പടിവാതില്‍വരെയെത്തിയ വിമതസേന ഡമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വാര്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി വിമതര്‍ പിടിച്ചെടുക്കുന്നതിനിടയില്‍ പ്രശ്‌നത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ ദോഹയില്‍ യോഗം ചേര്‍ന്നു. സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചതായി യോഗത്തിന് ശേഷം ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.