ദിസ്പുർ: യുവ ഐ.എ.എസ്. ഉദ്യോഗസ്ഥയുടെ സൈബർ അധിക്ഷേപ പരാതിയിലെടുത്ത കേസിൽ ജാമ്യമെടുക്കാനായി യുവാവിന് പോകേണ്ടിവന്നത് 200 കിലോമീറ്റർ. അസമിലാണ് സംഭവം. നൽബാരി ടൗണിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയായ വർനാലി ദേകയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമെടുക്കാനായാണ് അമിത് ചക്രബർത്തി എന്ന യുവാവിന് 200 കിലോമീറ്ററിലേറെ പോകേണ്ടിവന്നത്.

2023-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെയ്സ്ബുക്കിൽ സജീവമായ വർനാലി ദേകയുടെ ചിത്രത്തിന് താഴെ നരേഷ് ബറുവ എന്നയാൾ ‘ഇന്ന് മേക്കപ്പ് ഇട്ടില്ലേ’ എന്ന് കമന്റ് ചെയ്തു. ഈ കമന്റിന് അമിത് ചക്രബർത്തി പൊട്ടിച്ചിരിക്കുന്ന റിയാക്ഷൻ ഇട്ടു. ‘അതെങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നത്?’ എന്നാണ് പ്രകോപിതയായ വർനാലി ദേക നരേഷിന്റെ കമന്റിന് മറുപടിയിട്ടത്. പിന്നാലെ കൊക്രാജർ പോലീസിൽ പരാതി നൽകുകയായിരുന്നു. 

അമിത് ചക്രബർത്തി, നരേഷ് ബറുവ, അബ്ദുൾ സുബുർ ചൗധരി എന്നിവർക്കെതിരെയാണ് വർനാലി പരാതി നൽകിയത്. സൈബറിടത്ത് പിന്തുടർന്ന് ശല്യപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയത്. താൻ പരാതി നൽകിയെന്ന കാര്യം വർനാലി അമിത് ചക്രബർത്തിയെ ടാഗ് ചെയ്തുകൊണ്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.