ദുബായ്: ചാമ്പ്യൻ ട്രോഫിയിൽ പാകിസ്താനെതിരേ ഇന്ത്യൻ ടീം ആധികാരിക ജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ താരം. എന്നാൽ കോലിക്കൊപ്പം ഒരു വാച്ചും ഈ മത്സരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ താരമായി. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഏഴു കോടി രൂപ വിലവരുന്ന വാച്ചാണ് കോലിയുടെ ഇന്നിങ്സിനൊപ്പം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ഇന്ത്യ പാക് മത്സരത്തിൽ ഹാർദിക് പന്തെറിഞ്ഞത് തന്റെ ആഡംബര വാച്ച് ശേഖരത്തിലെ ഏഴു കോടി രൂപ വിലയുള്ള വാച്ച് ധരിച്ചായിരുന്നു. മത്സരത്തിൽ എട്ട് ഓവറുകൾ എറിഞ്ഞ താരം 31 റൺസ് വഴങ്ങി ബാബർ അസം, സൗദ് ഷക്കീൽ എന്നിവരുടെ നിർണായക വിക്കറ്റുകളും വീഴ്ത്തി.

ആഡംബര വാച്ചുകളോടുള്ള ഹാർദിക്കിന്റെ താത്പര്യം പ്രശസ്തമാണ്. ചേട്ടൻ ക്രുണാൽ പാണ്ഡ്യയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. പാകിസ്താനെതിരായ മത്സരത്തിൽ ഹാർദിക് ധരിച്ചത് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ആഡംബര വാച്ച് നിർമാതാക്കളായ റിച്ചാർഡ് മില്ലെയുടെ ആർ.എം 27-02 എന്ന വാച്ചാണ്. 6.93 കോടി (800,000 യു.എസ് ഡോളർ) ആണ് ഈ ലിമിറ്റഡ് എഡിഷൻ അൾട്രാ ലക്ഷ്വറി വാച്ചിന്റെ വില. ലോകത്താകെ 50 എണ്ണം മാത്രം നിർമിച്ച അപൂർവ ലിമിറ്റഡ് എഡിഷൻ വാച്ചാണിത്.

ടെന്നീസ് ഇതിഹാസം റാഫേൽ നദാലിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാച്ചാണിത്. നൂതന എഞ്ചിനീയറിങ്ങിന് പേരുകേട്ട ഈ വാച്ചിൽ റേസിങ് കാർ ഷാസികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച കാർബൺ ടിപിടി യൂണിബോഡി ബേസ്പ്ലേറ്റാണ് ഈ വാച്ചിന്റെ പ്രത്യേകത. മികച്ച ഉറപ്പും കടുത്ത ആഘാതങ്ങൾ പ്രതിരോധിക്കാനുള്ള മികവും വാച്ചിനുണ്ട്.