വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവുമെന്ന് മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിൽ പറയുന്നു.

ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് തടയുകയാണ്. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനം നീട്ടിവെയ്ക്കുന്നു. നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു. 

104 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ യുദ്ധ വിമാനം ഇന്നലെയാണ് അമൃത്സർ വിമാനത്താവളത്തിലെത്തിയത്. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്തിൽ വന്നവർക്ക് എല്ലാ സഹായവും നൽകുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചാണ് അമേരിക്കയിൽ നിന്ന് നാടുകടത്തിയത് എന്ന ആരോപണവും ഉയർന്നിരുന്നു.

അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ്സിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരിക്കുകയായിരുന്നു. ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും, നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ എന്നാണ് ഉത്തരവിൽ പറയുന്നു.