കൊച്ചി : പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാൻ പണം വാങ്ങി നടത്തിയ തട്ടിപ്പിലെ ഉന്നതബന്ധങ്ങളിൽ ഒളിച്ചു കളിച്ച് മുഖ്യപ്രതി അനന്തു കൃഷ്ണ. രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനന്തു കൃഷ്ണ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. കൂടുതൽ തെളിവുകൾ സമാഹരിച്ചശേഷം ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാപകമായി പണം പിരിച്ചുവെന്ന കാര്യം സമ്മതിച്ച അനന്തു പക്ഷേ പണം ചിലവായി പോയ വഴികളെ കുറിച്ചും വ്യക്തമായ മറുപടി നൽകിയില്ലെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അനന്തുവിന്റെ അക്കൗണ്ടന്റിനെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യും. നിലവിൽ അനന്തുവിന്റെ ജീവനക്കാരിൽ പലരും ഒളിവിലാണ്.  പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. അനന്തുവിനെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റുകളിലുമെത്തിച്ച് തെളിവെടുക്കും.