കൊട്ടാരക്കര ഉമ്മന്നൂര്‍ വാളകം പൊയ്ക വിളയില്‍ ആര്‍ സുരേഷ് കുമാര്‍(49) ആണ് അടൂര്‍ പൊലീസിന്റെ പിടിയിലായത്. വീടും സ്ഥലവും വാങ്ങി തരാം എന്നു പറഞ്ഞാണ് എംടെക്കുകാരിയായ യുവതിയില്‍ നിന്നും ഇയാള്‍ തട്ടിപ്പ് നടത്തിയത്.

സാമൂഹ്യമാധ്യമം വഴി അനൂപ് ജി പിള്ള എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ വഴിയാണ് സുരേഷ് കുമാര്‍ യുവതിയുമായി പരിചയപ്പെടുന്നത്. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ കമ്ബനിയിലാണ് ജോലി എന്നാണ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്ത് ലാഭത്തില്‍ വീടും സ്ഥലവും വാങ്ങി നല്‍കാമെന്ന് പറയുകയും പല വീടുകളുടേയും ചിത്രങ്ങള്‍ ഇയാള്‍ അയക്കുകയും ചെയ്തു. തുടര്‍ന്ന് വീടിന് അഡ്വാന്‍സ് നല്‍കാനെന്ന പേരില്‍ പണം ആവശ്യപ്പെട്ടു

തന്റെ ബാങ്ക് അക്കൌണ്ടിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ വീട്ടിലെ റബ്ബര്‍ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാനും ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആദ്യം ഇരുപത്തി അയ്യായിരം രൂപ യുവതി അയച്ചു. പിന്നീട് പലപ്പോഴായി 15 ലക്ഷം രൂപ ഇയാള്‍ യുവതിയില്‍ നിന്നും വാങ്ങി. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ കവടിയാറില്‍ എത്തിയ യുവതി അനൂപ് ജി പിള്ളയെ അന്വേഷിച്ചു.

അങ്ങനൊരാള്‍ ഇല്ലെന്ന് മനസിലായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് യുവതി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.