മുംബൈ: കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ ഏറ്റവും ഹിറ്റായ സ്ത്രീ 2 ചലച്ചിത്രത്തിലെ നായകനാണ് രാജ്കുമാർ റാവു.  800 കോടിയോളം ബോക്സോഫീസില്‍ നേടിയ താരം സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുന്ന ഒരു പഴയ അഭിമുഖം ഇന്‍റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ നൂറു കോടിയും അഞ്ഞുറുകോടയും വിജയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് ഇതുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നത്. 

ക്ലിപ്പിൽ, സംദീഷ് ഭാട്ടിയയുടെ അൺഫിൽട്ടർഡ് ബൈ സംദീഷ് ഷോയിൽ, രാജ്കുമാർ റാവുവിനോട് ഇതുവരെ സമ്പാദിച്ച പണത്തെക്കുറിച്ച് സംദീഷ് ചോദിക്കുന്നു. ആത്മാർത്ഥമായി തന്‍റെ സമ്പാദ്യത്തെക്കുറിച്ച് നടന്‍ തുറന്നു പറയുന്നു.  ആളുകൾ കരുതുന്നത്ര സമ്പത്തൊന്നും തനിക്കില്ലെന്ന് താരം തുറന്നു പറയുന്നു. സമ്പത്തുള്ള സമയത്ത് ഒരു ഷോറൂമിൽ കയറി 6 കോടി രൂപ വിലയുള്ള സാധനം വെറുതെ വാങ്ങുന്നത് പോലെയല്ല തന്‍റെ രീതിയെന്നും. തനിക്ക് ഇപ്പോഴും ഇഎംഐ ഉണ്ടെന്നും. വന്‍ തുകയുടെ വാങ്ങലുകൾ ശ്രദ്ധാപൂർവ്വമാണ് നടത്താറ് എന്നും രാജ്കുമാർ റാവു പറയുന്നു. 

ഞാന്‍ വാങ്ങിയ വീട് ഇപ്പോഴും ഇഎംഐയിലാണെന്ന് താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ആറുകോടിയുടെ അല്ല 50 ലക്ഷത്തിന്‍റെ സാധാനമാണെങ്കില്‍ അപ്പോള്‍ തന്നെ വാങ്ങില്ലെ എന്ന ചോദ്യത്തിന് 20 ലക്ഷം ആണെങ്കില്‍ ആലോചിക്കാം എന്നാണ് താരം പറയുന്നത്. താന്‍ ഇപ്പോഴും വിലപേശാറുണ്ടെന്ന് താരം ഇതിലൂടെ പറയുന്നു. അതേസമയം, രാജ്കുമാർ റാവുവും ഭാര്യയും നടിയുമായ പത്രലേഖയും അവരുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ കാമ്പ ഫിലിംസ് ആരംഭിച്ച് പുതിയ സംരംഭത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.