മുംബൈ: കഴിഞ്ഞ 20 വർഷത്തിനിടെ മുംബൈയിലെ സബർബൻ ട്രെയിനുകളുമായി ബന്ധപ്പെട്ട   അപകടത്തിൽപെട്ട് മരിച്ചത് 51,000 പേർ. പശ്ചിമ റെയിൽവേയും സെൻട്രൽ റെയിൽവേയും ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്. 

സബർബൻ ട്രെയിനുകളിലെ ഉയർന്ന അപകട മരണനിരക്ക് ചൂണ്ടിക്കാട്ടി യതിൻ യാദവ് എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലാണ് പശ്ചിമ റെയിൽവേയുടെയും സെൻട്രൽ റെയിൽവേയുടെയും സത്യവാങ്മൂലം. 51,000 മരണങ്ങളിൽ 22,481 പേർ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള സബർബൻ ഏരിയയിലും 29,321 പേർ സെൻട്രൽ റെയിൽവേയുടെ കീഴിലുള്ള സബർബൻ ഏരിയയിലുമാണ് മരിച്ചത്. പ്രതിദിനം അഞ്ചോളം പേർ ഈ നിലയിൽ മരിക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

സെൻട്രൽ റെയിൽവേയുടെ സത്യവാങ്മൂലം പ്രകാരം 2009 മുതൽ 2024 ജൂൺ വരെ 29,321 പേർക്കാണ് ജീവൻ നഷ്ടമായത്. സത്യവാങ്മൂലത്തിൽ ഭൂരിഭാഗം അപകടങ്ങളും ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവിച്ചത്. തിരക്കേറിയ ട്രെയിനുകളിൽ നിന്ന് താഴേക്ക് വീഴുന്നതും  റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തൂണുകളിൽ തട്ടി യാത്രക്കാർ താഴേക്ക് വീഴുന്നതും പ്ലാറ്റ്‌ഫോമിനും ട്രെയിൻ ഫുട്‌ബോർഡിനും ഇടയിൽ കുടുങ്ങുന്നതും അടക്കം നിരവധി  അപകടങ്ങൾ സംഭവിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അപകട നിരക്ക് കുറയ്ക്കാൻ സെൻട്രൽ റെയിൽവേ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

റെയിൽവെ ട്രാക്കുകളിൽ വ്യാപകമായ കടന്നുകയറ്റം ഉണ്ടാകുന്നതിനെക്കുറിച്ച് സെൻട്രൽ റെയിൽവെ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. റെയിൽവെ ലൈനോട് ചേർന്ന് ചേരികളുള്ളത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ഇവർ‌ പറഞ്ഞിട്ടുണ്ട്. റെയിൽവെ ട്രാക്കുകളിലേയ്ക്ക് ധാരാളം മാലിന്യം വലിച്ചെറിയുന്നതും ഇത് പലതവണ തീപിടിക്കുന്നതും ​ഗതാ​ഗത തടസ്സത്തിന് കാരണമാകുന്നതായി സത്യവാങ്ങ്മൂലം സൂചിപ്പിക്കുന്നു. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതും ​ഗതാ​ഗത തടസ്സത്തിന് കാരണമാണെന്നാണ് സെൻട്രൽ റെയിൽവെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

കഴിഞ്ഞ 15 വർഷത്തിനിടയിൽ മരണസംഖ്യ കുറയ്ക്കാനും യാത്രക്കാരുടെ ശേഷി വർധിപ്പിക്കാനും കഴിഞ്ഞതായി സെൻട്രൽ റെയിൽവെ സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2009ൽ 1,782 പേർ മരിക്കുകയും 1,614 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും 2023ൽ 1,221 മരണങ്ങളും 938 പേർക്ക് പരിക്കേറ്റതായും സത്യവാങ്മൂലത്തിൽ പറയുന്നു. അപകടങ്ങളുടെ കാര്യത്തിൽ ജാ​ഗ്രതയുണ്ടെന്നും എന്നാൽ ജനങ്ങളുടെ ഭാ​ഗത്ത് നിന്ന് സഹകരണമുണ്ടായില്ലെങ്കിൽ തങ്ങളുടെ ശ്രമങ്ങൾ ഫലവത്താകിലെന്നുമാണ് വെസ്റ്റേൺ റെയിൽവെ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നത്.