മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ബൗളിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം മോര്‍ണി മോര്‍ക്കൽ ചുമതലയേല്‍ക്കുമ്പോള്‍ അതിന് കാരണമായത് മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്‍റെ ഉറച്ച നിലപാട്. 2023ലെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് പരിശീലകനായിരുന്ന മോര്‍ക്കല്‍ പരിശീലകനെന്ന നിലയില്‍ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലെങ്കിലും ഗംഭീറിന്‍റെ വിശ്വസ്തരില്‍ ഒരാളായാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍ പൊതുവെ അറിയപ്പെടുന്നത്.

ഐപിഎല്ലില്‍ ഗംഭീര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്നപ്പോഴും ബൗളിംഗ് പരിശീലകനായി മോര്‍ക്കല്‍ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക് മെന്‍ററായി പോയയെങ്കിലും മോര്‍ക്കല്‍ ലഖ്നൗവില്‍ തുടര്‍ന്നു. ഗംഭീര്‍ കൊല്‍ക്കത്ത നായകനായിരുന്നപ്പോഴും മോര്‍ക്കലിനെ ബൗളറായി കൊല്‍ക്കത്ത ടീമിലെത്തിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 2014-2015 സീസണില്‍ മോര്‍ക്കല്‍ കൊല്‍ക്കത്തക്കായി ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. കരിയറില്‍ താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറാണ് മോര്‍ക്കലെന്ന് ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മോര്‍ക്കലിന്‍റെ കഴിവില്‍ ഗംഭീറിന് മതിപ്പ് തോന്നാന്‍ കാരണം 2010-2011ലെ സെഞ്ചൂറിയന്‍ ടെസ്റ്റാണ്. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ഗംഭീറും സെവാഗുമായിരുന്നു. സെവാഗിനെ തുടക്കത്തിലെ ഡെയ്ല്‍ സ്റ്റെയ്ന്‍ പുറത്താക്കിയതോടെ പ്രതിരോധത്തിലായ ഇന്ത്യയെ മോര്‍ക്കല്‍ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒരു മണിക്കൂറോളം ക്രീസില്‍ നിന്നെങ്കിലും മോര്‍ക്കലിന്‍റെ പന്തുകള്‍ നേരിടാനാവാതെ ഗംഭീര്‍ വിയര്‍ത്തു.