കൊല്ലം: സൈബർ തട്ടിപ്പ് സംഘത്തിന്റെ വലയിൽവീണ് പോലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ചുമതലക്കാരനായിരുന്ന മുൻ ഉദ്യോഗസ്ഥന് ഏഴുലക്ഷം രൂപ നഷ്ടമായതായി പരാതി. ഓൺലൈൻ ട്രേഡിങ്ങിൽ കെ.എ.പി. അടൂർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് സ്റ്റാർമോൻ പിള്ളയിൽനിന്നാണ് പണം തട്ടിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കൊല്ലം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സൈബർ പോലീസിന്റെ ഇടപെടലിൽ പകുതിയിലേറെ തുക തിരിച്ചുപിടിച്ചതായാണ് വിവരം. ഒരാളെ കസ്റ്റഡിയിലെടുത്തതായും അറിയുന്നു.

ഓഹരി വ്യാപാരത്തിനുള്ള ഇടനില കമ്പനിയിൽ ഏഴുലക്ഷം രൂപ ഇദ്ദേഹം നിക്ഷേപിച്ചിരുന്നത്രേ. കമ്പനി വ്യാജമാണെന്ന് ബോധ്യപ്പെട്ടയുടൻ ഇദ്ദേഹം പരാതിനൽകി. പോലീസ് സൈബർ ഡിവിഷൻ രണ്ടരലക്ഷം രൂപയുടെ ഇടപാട് മരവിപ്പിച്ചതായി പറയുന്നു.