ലണ്ടന്‍: ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ഇംഗ്ലണ്ടിലെ വണ്‍ ഡേ കപ്പില്‍ മിന്നും തുടക്കം. ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വണ്‍ഡേ കപ്പില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി അരങ്ങേറിയ ചാഹല്‍ കെന്‍റിനെതിരായ മത്സരത്തില്‍ 10 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. അഞ്ച് മെയ്ഡിനുകളുള്‍പ്പെടെയാണ് ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അവസാന എട്ടോവറില്‍ അഞ്ച് മെയ്ഡിനടക്കം നാലു റണ്‍സിനാണ് ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ചാഹലിന്‍റെ ബൗളിംഗ് മികവില്‍ നോര്‍ത്താംപ്റ്റണ്‍ഷെയർ ആദ്യം ബാറ്റ് ചെയ്ത കെന്‍റിനെ 35.1 ഓവറില്‍ 82 റണ്‍സിന് പുറത്താക്കി. കെന്‍റിന്‍റെ താരങ്ങളായ ജെയ്ഡന്‍ ഡെന്‍ലി, ഏകാന്‍ഷ് സിങ്, ഗ്രാന്‍റ് സ്റ്റുവര്‍ട്ട്, നഥാന്‍ ഗില്‍ക്രിസ്റ്റ്, ബയേഴ്സ് സ്വനേപോയൽ എന്നിവര്‍ മുട്ടുമടക്കിയപ്പോള്‍ 33 റണ്‍സിന് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായ കെന്‍റ് തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ പൃഥ്വി ഷായുടെ(17) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നോര്‍ത്താംപ്റ്റണ്‍ഷെയർ 14 ഓവറില്‍ ലക്ഷ്യത്തിലെത്തി. കഴിഞ്ഞ സീസണില്‍ കെന്‍റിനായി കളിച്ച ചാഹല്‍ രണ്ട് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു.