ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ആയുധം പ്രയോഗിക്കാന്‍ പ്രതിപക്ഷ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയില്‍ ആലോചനകള്‍ തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും വാര്‍ത്താസമ്മേളനം നടത്തി.

രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടത്തപ്പെടുന്നതെന്നും കമ്മിഷന്റെ തോളില്‍ തോക്കു വച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും അല്ലെങ്കില്‍ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇംപീച്ച്‌മെന്റ് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.

ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ് ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കുന്നത് ഇന്ത്യ മുന്നണി ചര്‍ച്ചചെയ്തത്. നോട്ടിസ് നല്‍കുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യകടമ്പ. പാര്‍ലമെന്റിലെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാന്‍ സാധിക്കു. എന്നാല്‍ ഈ വിഷയത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടത്താന്‍ പ്രതിപക്ഷത്തിനു അവസരം ലഭിക്കും. വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍തന്നെ ഈ സമ്മേളനകാലത്ത് ഇംപീച്ച്‌മെന്റ് നടപടി അവതരിപ്പിക്കാന്‍ അനുവാദം ലഭിക്കുമോ എന്നതും സംശയമാണ്. സ്പീക്കറാണ് നോട്ടിസില്‍ തീരുമാനം എടുക്കേണ്ടത്.