തിരുവനന്തപുരം: സിപിഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ ചെന്നൈയിലെ വ്യവസായി ബി.മുഹമ്മദ് ഷര്‍ഷാദ് പിബി അംഗം അശോക് ധാവ്ളെയ്ക്കു നല്കിയ കത്തു ചോര്‍ന്നത് രാഷ്ട്രീയ വിവാദമായി കത്തിപടരുന്നു.
ആരാണ് രാജേഷ് കൃഷ്ണ
മധുരയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി പങ്കെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്താക്കപ്പെട്ടപ്പോഴാണ് രാജേഷ് കൃഷ്ണ വാര്‍ത്തകളില്‍ നിറഞ്ഞത്. യുകെയിലെ സിപിഎം അനുകൂലസംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് രാജേഷ് പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചയയ്ക്കുകയായിരുന്നു. മുന്‍പ് യുട്യൂബ് ചാനല്‍ ഉടമയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രാജേഷ് ആരോപണവിധേയനായിരുന്നു.
പത്തനംതിട്ട വാര്യാപുരം സ്വദേശിയായ രാജേഷ് എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. സിപിഎം അനുകൂല ചാനലില്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകനായിരുന്നു. ലണ്ടനില്‍ വ്യവസായിയായ രാജേഷ് ‘പുഴു’, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തുടങ്ങിയ സിനിമകളുടെ നിര്‍മാണപങ്കാളിയാണ്.
ലണ്ടനില്‍നിന്ന് റോഡുമാര്‍ഗം കേരളത്തിലേക്കുള്ള യാത്രാനുഭവവുമായി ‘ലണ്ടന്‍ ടു കേരള’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ചില തടസ്സങ്ങള്‍ കാരണം ഈ യാത്ര മുടങ്ങിയതിനെക്കുറിച്ചും ഷര്‍ഷാദ് പാര്‍ട്ടിക്കു നല്കിയ കത്തിലുണ്ട് രാജേഷിന്റെ ഭാര്യയും ലണ്ടനിലാണു ജോലി ചെയ്യുന്നത്.
മുഹമ്മദ് ഷര്‍ഷാദിന്റെ കത്തിലെന്ത്?
രാജേഷ് കൃഷ്ണയ്ക്കെതിരെ ബി.മുഹമ്മദ് ഷര്‍ഷാദ് സിപിഎം നേതൃത്വത്തിനു നല്കിയ കത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അഴിമതി മുതല്‍ സാമ്പത്തിക തിരിമറി വരെയുള്ള ആരോപണങ്ങളുണ്ട്. രാജേഷുമായി അടുത്തു പ്രവര്‍ത്തിച്ചതിലൂടെ മനസ്സിലാക്കിയ കാര്യങ്ങളെന്ന നിലയിലാണു വ്യവസായി ഷര്‍ഷാദിന്റെ വെളിപ്പെടുത്തല്‍. സിപിഎം നേതാക്കളും മന്ത്രിമാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കത്തിലുള്ളത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കത്ത് പുറത്തുവന്നതിനു പിന്നില്‍ പാര്‍ട്ടിയിലെതന്നെ ചിലരാണെന്ന തരത്തിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
രാജേഷിന്റെ അഭിഭാഷകന് ന്യൂനപക്ഷ മോര്‍ച്ച നേതാവ്
സിപിഎം പിബിയില്‍ ലഭിച്ച മുഹമ്മദ് ഷര്‍ഷാദ് കത്തിന്റെ അടിസ്ഥാനത്തിലാണു രാജേഷ് കൃഷ്ണ മാനനഷ്ടക്കേസ് നല്‍കിയത്. പാര്‍ട്ടി ആസ്ഥാനം ഡല്‍ഹി ആണെന്നതിനാലാണു ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയതെന്നാണ് വിശദീകരണം. ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായ അഭിഭാഷകന് ജോജോ ജോസ് മുഖേനയാണു കോടതിയെ സമീപിച്ചത്.
ഏതാനും വര്‍ഷം മുന്‍പ് സിപിഎമ്മിന്റെ റജിസ്ട്രേഷന് റദ്ദാക്കണമെന്നു ഡല്‍ഹി ഹൈക്കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും അപേക്ഷ നല്കിയതു ജോജോ ജോസ് ആയിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയാണു സിപിഎം റജിസ്ട്രേഷന് നേടിയതെന്നായിരുന്നു ആരോപണം.



