2023 മുതൽ യൂറോപ്യൻ യൂണിയന്റെ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനമനുഷ്ഠിച്ച ഐറിഷ് ആർച്ച് ബിഷപ്പ് നോയൽ ട്രെനർ അന്തരിച്ചു. 73 വയസുണ്ടായിരുന്ന മോൺ. നോയൽ ട്രെനർ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്.
1950 ക്രിസ്മസ് ദിനത്തിൽ അയർലണ്ടിലെ മോനാഗനിൽ ജനിച്ച അദ്ദേഹം ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ക്ലോഗർ രൂപതയുടെ വൈദികനായി തന്റെ 23-ാം വയസ്സിൽ അഭിഷിക്തനായി. അവിടെ ഇടവക വികാരിയും ആശുപത്രി ചാപ്ലിനും വിദ്യാഭ്യാസ ഡയറക്ടറുമായിരുന്നു. ഐറിഷ് ബിഷപ്പ്സ് കോൺഫറൻസിന്റെ യൂറോപ്യൻ കാര്യങ്ങളുടെ കൗൺസിൽ അംഗമെന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1989-ലാണ് യൂറോപ്യൻ യൂണിയന്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷനിലേക്ക് അദ്ദേഹം നിയമിക്കപ്പെടുന്നത്.
1993-ൽ അദ്ദേഹം സെക്രട്ടറി ജനറലായി നിയമിതനായി. തുടർന്ന് ഡൗൺ ആൻഡ് കോണർ രൂപതയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരവെയാണ് അദ്ദേഹം ന്യൂൺഷ്യോ ആയി നിയമിക്കപ്പെടുന്നത്. 2022 നവംബർ 26-നാണു ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ അപ്പസ്തോലിക് ന്യൂൺഷ്യോയായി നിയമിച്ചത്.