ഏറ്റവും നൂതനവും കൃത്യവും അത്യാന്താധുനികവുമായ മിസൈൽ പ്രതിരോധ സംവിധാനം “ഗോൾഡൻ ഡോം” സംബന്ധിച്ച പുതിയ വിവരങ്ങൾ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . 175 ബില്യൺ ഡോളറിന്റെ മിസൈൽ പ്രതിരോധ പദ്ധതിയായ “ഗോൾഡൻ ഡോം” സിസ്റ്റത്തിന്റെ രൂപകൽപ്പന അന്തിമമാക്കിയിട്ടുണ്ടെന്നും വൈസ് ചീഫ് ഓഫ് സ്പേസ് ഓപ്പറേഷൻസ് ജനറൽ മൈക്കൽ ഗ്യൂറ്റ്ലിൻ പദ്ധതിക്കു നേതൃത്വം നൽകുമെന്നും ട്രംപ് പറഞ്ഞു.

ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. പുതിയ പ്രതിരോധ കവചം നിലവിലുള്ള സംവിധാനങ്ങളുമായി കൂട്ടിച്ചേർക്കുമെന്നും മൂന്ന് വർഷത്തിനുള്ളിൽ – തന്റെ രണ്ടാം ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് – പൂർണ്ണമായും സുസജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു അത്യാധുനിക മിസൈൽ പ്രതിരോധ കവചം നിർമ്മിക്കുമെന്ന് ഞാൻ അമേരിക്കൻ ജനതയോട് വാഗ്ദാനം ചെയ്തു,” ട്രംപ് പറഞ്ഞു. “ഇന്ന് ഈ അത്യാധുനിക സംവിധാനത്തിൻ്റെ രൂപകൽപന ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”- ട്രംപ് പറഞ്ഞു.