തിരുവനന്തപുരം: സ്‌ക്രാച്ച് ആൻഡ് വിൻ കാർഡിനെയും പേടിക്കണം! കണ്ട സ്‌ക്രാച്ച് ആൻഡ് വിന്നിനെയെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുതേ…

 തിരുവനന്തപുരം സ്വദേശിയായ യുവതിയിൽനിന്നു തട്ടിയെടുത്തത് ഒന്നും രണ്ടുമല്ല, 22.90 ലക്ഷം രൂപയാണ്. കക്കമൂല സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. 

സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് ഉരച്ചപ്പോൾ ലഭിച്ച 8 ലക്ഷം രൂപ സമ്മാനം കിട്ടാനായാണു യുവതി 22.90 ലക്ഷം രൂപ തട്ടിപ്പുകാർക്കു നൽകിയത്. 2023 ഡിസംബർ മുതലാണു തട്ടിപ്പ് ആരംഭിച്ചത്. 

സംഭവം ഇങ്ങനെയാണ്. 

സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരാൾ യുവതിയെ ഫോണിൽ വിളിച്ചു. കാർഡ് ഉരച്ചപ്പോൾ എട്ടു ലക്ഷം രൂപയാണു സമ്മാനം.

 എട്ടു ലക്ഷം രൂപ കിട്ടാനായി ജിഎസ്ടിയും പ്രോസസിങ് ഫീസും ആദായനികുതിയും മറ്റും നൽകണമെന്നു വിളിച്ചയാൾ യുവതിയോടു ആവശ്യപ്പട്ടു. ഈ നൽകുന്ന തുക സമ്മാനത്തുകയ്ക്ക് ഒപ്പം തിരികെ നൽകുമെന്നാണു ഇയാൾ വിശ്വസിപ്പിച്ചത്.  ഇതു വിശ്വസിച്ച യുവതി തട്ടിപ്പുകാർ ആവശ്യപ്പെട്ട പണം നൽകുകയായിരുന്നു. ‌ 

അടുത്തിടെ വിവരം പിതാവ് അറിഞ്ഞതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസിലായത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കാൻ പിതാവ് ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.