ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഇറാന്‍ യുദ്ധം അവസാനിച്ചതിന് ശേഷം അബ്രഹാം ഉടമ്പടിയുടെ ഭാഗമാകാനും ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കാനും പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ട്രംപിന്റെ ഈ നീക്കം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദവും പലസ്തീന്‍ വിഷയത്തില്‍ പാകിസ്ഥാനിലെ പൊതുജനങ്ങള്‍ക്കുള്ള വൈകാരികമായ നിലപാടും ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞയാഴച പാകിസ്ഥാനും വിവിധ അറബ് രാജ്യങ്ങളുമായി ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഉന്നതതല കോണ്‍ഫറന്‍സ് കോളിലാണ് ഇസ്രായേലിനെ അംഗീകരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. ട്രംപ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചപ്പോള്‍ ഫോണ്‍ കോളില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്കിടയില്‍ കടുത്ത നിശബ്ദതയാണുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയ്ക്കും ഇറാനും ഇടയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന് ട്രംപിന്റെ ഈ പുതിയ ആവശ്യം ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. പലസ്തീന്‍ വിഷയത്തില്‍ വ്യക്തതയില്ലാതെ ഇസ്രായേലിനെ അംഗീകരിക്കുന്നത് രാജ്യത്ത് വലിയ ജനരോഷത്തിന് കാരണമാകുമെന്ന് ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനും അവിടുത്തെ സൈന്യത്തിനും നന്നായറിയാം.

മുമ്പ് 2020-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് അബ്രഹാം ഉടമ്പടി ഒപ്പുവെക്കപ്പെടുന്നത്. അന്ന് യുഎഇ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിന്റെ ഭാഗമായെങ്കിലും, പാകിസ്ഥാന്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഫലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണയും രണ്ട് രാജ്യങ്ങള്‍ എന്ന പരിഹാരവും ഉയര്‍ത്തിപ്പിടിച്ചാണ് അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് സമ്മര്‍ദ്ദത്തെ പ്രതിരോധിച്ചത്.

നിലവില്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കുള്ള ജനപ്രീതിയും, ഷെരീഫ് സര്‍ക്കാര്‍ ഇസ്രായേലിനെ അംഗീകരിക്കാന്‍ ശ്രമിച്ചാല്‍ രാജ്യം വലിയ ആഭ്യന്തര പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന ഭയവും ഭരണകൂടത്തിനുണ്ട്. ഇതിനുപുറമെ, കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായിരിക്കും ഫലസ്തീനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഈ നീക്കമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, അമേരിക്കയുടെ നിലപാട് കടുപ്പമേറിയതാണ്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ വിസമ്മതിച്ചാല്‍ അത് ഭാവിയിലെ ഉഭയകക്ഷി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ ഗാസയിലെ യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനായുള്ള ട്രംപിന്റെ പീസ് ബോര്‍ഡില്‍ പാകിസ്ഥാന്‍ പങ്കാളിയാണെങ്കിലും, അത് കേവലം മാനുഷിക പരിഗണനകള്‍ മാത്രമാണെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. വാഷിംഗ്ടണിന്റെ ആവശ്യങ്ങള്‍ക്കും സ്വന്തം നാട്ടിലെ ജനവികാരത്തിനും ഇടയില്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാത്ത കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ഇപ്പോള്‍ പാക് ഭരണകൂടം.