മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും.

ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. പാര്‍ട്ടി അജണ്ടകള്‍ സന്ദര്‍ശനത്തിലുണ്ടോയെന്ന് നിലവില്‍ വ്യക്തമല്ല.

പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ കേളത്തിന്‍റെ വികസനം ചർച്ചയായേക്കും. വിവിധ പദ്ധതികളുടെ നടത്തിപ്പിന്‌ സർക്കാരിന്‌ കേന്ദ്ര സഹായം ആവശ്യമാണ്.

റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ്‌ മുഖ്യമന്ത്രിക്കു മുന്നിലെ പ്രധാന ദൌത്യം.