ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തി 100 നാള്‍ തികച്ചിരിക്കുന്നു. ഒരു ആക്ഷന്‍ സിനിമ പോലെ സംഭവ ബഹുലമായ നൂറു നാളുകളാണ് കടന്നു പോകുന്നത് എന്ന് നിസംശയം പുറയാം. അനധകൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതു മുതല്‍ താരിഫ് യുദ്ധം വരെ നീളുന്നു ട്രംപിന്റെ ഉത്തരവുകള്‍. കൂട്ടത്തില്‍ താരിഫ് യുദ്ധ പ്രഖ്യാപനം സഖ്യ രാജ്യങ്ങളെ വരെ കൂട്ടത്തില്‍ നിന്ന് അകറ്റുകയും ചെയ്തു.
അതിനിടെ ട്രംപ് തന്റെ രണ്ടാം കാലാവധിയുടെ 100 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍, അദ്ദേഹത്തിന്റെ വ്യാപാര നയങ്ങള്‍ക്ക് മുന്നില്‍ ‘ഒരിക്കലും മുട്ടുകുത്തുകയില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ചൈന തീക്ഷ്ണമായ വീഡിയോ പുറത്തുവിട്ടു. അമേരിക്കന്‍ നേതാവിന്റെ വ്യാപാര യുദ്ധത്തെ ശാസിച്ചു കൊണ്ടുള്ളതാണ് വിഡിയോ. ചൈനയുടെ വിദേശകാര്യ മന്ത്രാലയം പങ്കിട്ട വീഡിയോ, അമേരിക്കയുടെ ‘ഭീഷണിപ്പെടുത്തലിനെതിരെ’ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതാണ്.
‘യുഎസ് ആഗോളതലത്തില്‍ താരിഫ് കൊടുങ്കാറ്റ് സൃഷ്ടിച്ചത് ചൈനയെ മനഃപൂര്‍വ്വം ലക്ഷ്യം വച്ചുകൊണ്ടാണെന്ന് വിഡിയോയില്‍ ആരോപിക്കുന്നു. മറ്റ് രാജ്യങ്ങളുമായി ’90 ദിവസത്തെ താല്‍ക്കാലിക വിരാമം’ കളിക്കുകയും, ചൈനയുമായുള്ള വ്യാപാരം പരിമിതപ്പെടുത്താന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. ഒരു ഭീഷണിപ്പെടുത്തലിന് മുന്നില്‍ വഴങ്ങുന്നത് ദാഹം ശമിപ്പിക്കാന്‍ വിഷം കുടിക്കുന്നത് പോലെയാണ്, അത് പ്രതിസന്ധിയെ കൂടുതല്‍ ആഴത്തിലാക്കുകയേയുള്ളൂ,’ എ്ന്നും ചൈന വ്യക്തമാക്കുന്നു.
ആഗോള പ്രേക്ഷകരിലേക്ക് സന്ദേശം എത്തിക്കുന്നതിനായി ഇംഗ്ലീഷിലും മന്ദാരിന്‍ ഭാഷയിലും സബ്‌ടൈറ്റിലുകളും നല്‍കിയിട്ടുണ്ട്. ‘ജപ്പാന്‍ സെമികണ്ടക്ടറുകള്‍ ഉപേക്ഷിച്ചുവെന്നും തോഷിബ പോലുള്ള കമ്പനികളെ തകര്‍ത്തുവെന്നും യുഎസ് ഒരിക്കല്‍ ആരോപിച്ചിരുന്നു. പിന്നീട്, പ്ലാസ കരാറില്‍ ഒപ്പിടാന്‍ ജപ്പാനെ നിര്‍ബന്ധിച്ചു. സമ്പദ്വ്യവസ്ഥയെ ദശാബ്ദങ്ങളുടെ വിളര്‍ച്ചയുള്ള കാലത്തേക്്ക തള്ളിവിട്ടു. ഫ്രാന്‍സിന്റെ വ്യാവസായിക ഭീമനായ ആല്‍സ്റ്റോമിനെ തകര്‍ത്തുകൊണ്ട്, ഒരു ദേശീയ ചാമ്പ്യനെ രാജ്യത്തുനിന്ന് കൊള്ളയടിച്ചുകൊണ്ട് യുഎസ് ‘ലോംഗ്-ആം അധികാരപരിധി’ ഒരു ആയുധമായി ഉപയോഗിച്ചു.’ – അമേരിക്കന്‍ സാമ്പത്തിക ആക്രമണത്തിന്റെ ചരിത്രം എന്ന് വിശേഷിപ്പിച്ച് ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് വീഡിയോയില്‍ പറയുന്നു,
‘വിട്ടുവീഴ്ച നിങ്ങള്‍ക്ക് കരുണ ലഭിക്കില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട് – മുട്ടുകുത്തുന്നത് കൂടുതല്‍ ഭീഷണിപ്പെടുത്തലിനെ മാത്രമേ ക്ഷണിക്കൂ. ചൈന മുട്ടുകുത്തുകയില്ല.’- വിഡിയോ വ്യക്തമാക്കുന്നു. ‘ചൈന പിന്മാറില്ല, അതിനാല്‍ ദുര്‍ബലരുടെ ശബ്ദങ്ങള്‍ കേള്‍ക്കപ്പെടും. ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ ഐക്യദാര്‍ഢ്യത്തോടെ ഒരുമിച്ച് നില്‍ക്കുമ്പോള്‍, യുഎസ് ഒരു ചെറിയ ബോട്ട് മാത്രമാണ്.’- യുഎസിനേതിരേയുള്ള പോരാട്ടത്തിന്റെ നേതാവായി ബീജിംഗ് സ്വയം വിശേഷിപ്പിച്ചു കൊണ്ട് പറയുന്നു.
‘ആരെങ്കിലും മുന്നോട്ട് വന്ന്, കൈയില്‍ പന്തം പിടിച്ച്, മൂടല്‍മഞ്ഞിനെ തകര്‍ക്കാനും മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കാനും ശ്രമിക്കണം’ എന്നും വിഡിയോ ആഹ്വാനം ചെയ്യുന്നു. ഇതുവരെ, യുഎസ് പ്രസിഡന്റ് ട്രംപ് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം വരെ ഉയര്‍ന്ന തീരുവ ചുമത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ ജൂലൈ വരെ 10 ശതമാനം യുഎസ് തീരുവയാണ് നേരിടുന്നത്.
പുതിയ തീരുവകള്‍ നിലവിലുള്ളവയില്‍ ചേര്‍ക്കുമ്പോള്‍, ചില ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 245 ശതമാനത്തിലെത്തുമെന്ന് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം നികുതി ചുമത്തി ചൈന തിരിച്ചടിക്കുകയും ‘അവസാനം വരെ പോരാടുമെന്ന്’ പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.



