ഏതു മാധ്യമസ്ഥാപനങ്ങൾ വൈറ്റ് ഹൗസ് പ്രസ്സ് പൂളിൽ അംഗങ്ങളാകണമെന്ന് ഇനി മുതൽ വൈറ്റ് ഹൗസ് തന്നെ തീരുമാനിക്കും എന്ന് റിപ്പോർട്ട്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ (WHCA) ഇനി ഈ ഉത്തരവാദിത്വം നിർവഹിക്കില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
സാധാരണയായി, ഒവൽ ഓഫിസിലും മറ്റു പരിമിതമായ പ്രവേശനമുള്ള പ്രദേശങ്ങളിലും നേരിട്ട് ഇടപഴകാൻ അവസരം ലഭിക്കുന്ന മാധ്യമസ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം WHCA-ക്കായിരുന്നു.എന്നാൽ ട്രംപ് ഭരണകൂടം ആ നയം മാറ്റുകയാണ്.
“ഇതുവരെ വർഷങ്ങളായി പ്രസ്സ് പൂളിൽ പങ്കെടുത്തുവരുന്ന വലിയ മാധ്യമസ്ഥാപനങ്ങൾക്ക് മുൻപുള്ളത് പോലെ ഈ അവസരം ലഭിക്കും, അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല,” എന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോളൈൻ ലെവിറ്റ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. “അതോടൊപ്പം, ഇതുവരെ ഈ വലിയ ഉത്തരവാദിത്വത്തിൽ പങ്കുചേരാൻ അവസരം ലഭിക്കാതിരുന്ന, അതിന് അർഹമായ ചില പുതിയ മാധ്യമസ്ഥാപനങ്ങൾക്കും ഇപ്പോൾ അംഗീകാരം നൽകും” എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം മാധ്യമപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ നയങ്ങൾ നടപ്പിലാക്കിയത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് മാത്രം അല്ല. 2023ൽ, പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ് ഹൗസ് സ്ഥിരം പാസ് അനുവദിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കിയത് മൂലം 440-ത്തിലധികം മാധ്യമപ്രവർത്തകർ അവരുടെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു.
2023ൽ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തതു പ്രകാരം, വൈറ്റ് ഹൗസ് അംഗീകൃത മാധ്യമപ്രവർത്തകരുടെ എണ്ണം 1,417ൽ നിന്ന് 975 ആയി കുറഞ്ഞു. പുതിയ നയപ്രകാരം, ഹാർഡ് പാസ് കൈവശമുള്ള മാധ്യമപ്രവർത്തകർക്ക് ഓരോ വർഷവും അതു പുതുക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഹാർഡ് പാസ് ലഭ്യമല്ലാത്തവർ പ്രതിദിനപാസിനായി അപേക്ഷിക്കാനാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 2023 മെയ് മാസത്തിൽ നടപ്പിലാക്കിയ ബൈഡൻ ഭരണകൂടത്തിന്റെ പുതിയ നയപ്രകാരം, മാധ്യമപ്രവർത്തകർ ഒരു “ഒരു മാധ്യമസ്ഥാപനത്തിൽ” ജോലി ചെയ്യുന്നതായി തെളിയിക്കേണ്ടതുണ്ട്. കൂടാതെ, കഴിഞ്ഞ ആറുമാസത്തിനിടെ വൈറ്റ് ഹൗസ് ക്യാമ്പസിൽ ജോലി സംബന്ധമായി പ്രവേശിച്ചതോ, അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വൈറ്റ് ഹൗസ് റിപ്പോർട്ടിംഗിനായി ജോലിയിൽ ചേർന്നതിന്റെ തെളിവോ ഉണ്ടായിരിക്കണം.
ബൈഡൻ ഭരണകൂടം ഇതുവരെ വൈറ്റ് ഹൗസ് പ്രവേശനം ലഭിച്ചിരുന്ന ഈ മാധ്യമപ്രവർത്തകരുടെ പൂർണ പ്രവേശനം റദ്ദാക്കിയത് ന്യായീകരിച്ചു രംഗത്ത് എത്തിയിരുന്നു. അംഗീകാരം അവസാനിപ്പിച്ചവരിൽ പലരും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വൈറ്റ് ഹൗസ് സന്ദർശിച്ചിട്ടില്ലെന്ന് ആണ് വൈറ്റ് ഹൗസ് വാദിച്ചത്.
“ഈ പ്രക്രിയ 2023 മെയ് തുടക്കത്തിൽ ആരംഭിച്ചപ്പോൾ, ഹാർഡ് പാസ് കൈവശം വെച്ചിരുന്നവരുടെ ഏകദേശം 40% പേർ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ വൈറ്റ് ഹൗസ് ക്യാമ്പസിൽ പ്രവേശിച്ചിട്ടില്ല,”എന്ന് വൈറ്റ് ഹൗസ് 2023ൽ പൊളിറ്റിക്കോയ്ക്കു നൽകിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
“മുൻ ഭരണകൂടം അന്യായമായി റദ്ദാക്കിയ 440 മാധ്യമപ്രവർത്തകരുടെ പ്രസ് പാസ് വീണ്ടെടുക്കുന്നതിനായി ട്രംപ് വൈറ്റ് ഹൗസ് പ്രവർത്തിക്കുമെന്ന്” ജനുവരി മാസം ലെവിറ്റ് പ്രഖ്യാപിച്ചു. “എല്ലാ മാധ്യമപ്രവർത്തകരും, മാധ്യമസ്ഥാപനങ്ങളും, ഈ വിലപ്പെട്ട സ്ഥാനം നേടാൻ അർഹരാണ് എന്നുറപ്പാക്കാൻ ലക്ഷ്യമിട്ടതാണെന്നും” ലെവിറ്റ് വ്യക്തമാക്കി.
വൈറ്റ് ഹൗസിന്റെ ഈ തീരുമാനത്തെക്കുറിച്ച് WHCAക്ക് മുൻകൂറായി യാതൊരു അറിയിപ്പും ലഭിച്ചില്ല എന്നതോടൊപ്പം, ഈ നീക്കം അമേരിക്കയിലെ സ്വതന്ത്ര മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ തകർക്കുന്നതാണെന്ന് അവർക്കു തോന്നുന്നു എന്ന് WHCA പ്രസിഡന്റ് യൂജിൻ ഡാനിയൽസ് പ്രതികരിച്ചു. “ഒരു സ്വതന്ത്ര രാജ്യത്തിൽ, ഭരണാധികാരികൾക്ക് തങ്ങളുടെ സ്വന്തം പ്രസ് കോർപ്പിനെ തെരഞ്ഞെടുക്കാൻ കഴിയരുത്” “ഇത് പ്രസിഡന്റിന് അനുകൂലമായി പറയുന്ന മാധ്യമപ്രവർത്തകരെ തന്നെ തിരഞ്ഞെടുത്തേക്കുമെന്ന സൂചന നൽകുന്നു,” എന്നും ഡാനിയൽസ് പറഞ്ഞു.



