കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്കായി നിർമ്മാതാക്കൾ സ്വന്തം കയ്യിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തൽ. നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പറവ ഫിലിംസ് ഉടമകൾക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തൽ. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരിൽ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമ നിർമ്മാണത്തിന്റെ ജി.എസ്.ടിയിൽ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്. 

ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോൾ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.

സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നൽകിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നൽകാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാർ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസാവുകയായിരുന്നു.

ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിൻ ഉൾപ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് നടന്നിരുന്നു.