സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ടീമിലെ 11 പേരും ഒരു ഇന്നിങ്സിൽ ബൗൾ ചെയ്തു. മണിപൂരിനെതിരെയുള്ള മത്സരത്തിൽ ഡൽഹി ടീമിലെ 11പേരാണ് പന്തെറിഞ്ഞത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിലെ 11 പേരും ഒരു ഇന്നിങ്സിൽ പന്തെറിയുന്നത്.
ആദ്യം ബാറ്റ് ചെയ്ത മണിപ്പൂർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസാണ് നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് പന്ത് ബാക്കിയിരിക്കെ ഡൽഹി ഈ റൺസ് മറികടന്നു. ക്യാപ്റ്റൻ ആയുഷ് ബഡോണി മുതൽ കീപ്പർ ആര്യൻ അരാന വരെ എല്ലാവരും മണിപ്പൂരിനെതിരെ പന്തെറിഞ്ഞു.
മൂന്നോവറിൽ 31 റൺസ് വിട്ടുനൽകിയ മായങ്ക് റാവത്താണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഡൽഹി ബൗളർ. മൂന്ന് ബൗളർമാർ മൂന്ന് ഓവർ എറിഞ്ഞപ്പോൾ മൂന്ന് പേർ രണ്ടെണ്ണം വെച്ച് എറിയുകയായിരുന്നു. ബാക്കി അഞ്ച് പേർ ഓരോ ഓവർ വെച്ചെറിഞ്ഞു. ഡൽഹിക്കായി ഹർഷ് ത്യാഗി, ദിഗ്വേഷ് റാതി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ആയുഷ് ബഡോനി, ആയുഷ് സിങ്, പ്രിയാൻഷ് ആര്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



