ഡമാസ്കസ്: സിറിയയുടെ തലസ്ഥാനനഗരിയായ ഡമാസ്കസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നതായും ഔദ്യോഗിക വാർത്താ ഏജൻസി സന ചൊവ്വാഴ്ച അറിയിച്ചു.
ഗോലാൻ കുന്നുകളിൽ നിന്ന് പുലർച്ചെ 12:15നാണ് ഇസ്രയേൽ മിസൈലുകൾ വിക്ഷേപിച്ചത്. അവയിൽ മിക്കതും സിറിയൻ വ്യോമ പ്രതിരോധം വെടിവച്ചിട്ടതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇസ്രയേൽ സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ താവളങ്ങൾ ലക്ഷ്യമിട്ട് അടുത്തിടെയായി നിരവധി ആക്രമണങ്ങൾ ഇസ്രയേൽ നടത്തിയിരുന്നു.



