കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച കേ​സി​ല്‍ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് അ​തൃ​പ്തി. ഇ​തൊ​രു സാ​ധാ​ര​ണ കേ​സ​ല്ലെ​ന്നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​ത് നി​സാ​ര​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​ന്‍ ആ​റു​മാ​സം സ​മ​യം വേ​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. സ്വ​ത്ത് ക​ണ്ടു​കെ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ജ​നു​വ​രി​ക്ക​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.

വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ അ​ഡി​ഷ​ണല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നും ജ​സ്റ്റീ​സ് ജ​യ​ശങ്ക​ര്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 23നു ​പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ലാ​ണ് വ്യാ​പ​ക അ​ക്ര​മം ഉ​ണ്ടാ​യ​ത്.