തിരുവനന്തപും: തൃക്കാക്കര കൂട്ട ബലാത്സംഗ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ സിഐ പി.ആർ. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറി.
പി.ആർ. സുനുവിന്റെ പിരിച്ചുവിടൽ ഉത്തരവു മാതൃകയാക്കി ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെയും പിരിച്ചുവിടലുണ്ടാകും. പോക്സോ പ്രതികൾ ഉൾപ്പടെ അറുപതോളം പേർ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പോലീസുകാരുടെ പട്ടികയിലുണ്ട്.
പി.ആർ. സുനുവിന്റെ കേസുകൾ സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് സംസ്ഥാന പോലീസിൽ ക്രിമിനൽ കേസ് പ്രതികളായ 828 പോലീസ് ഉദ്യോഗസ്ഥരുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.
സിഐ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കേണ്ടത്. മറ്റ് ഉദ്യോസ്ഥരുടെ കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയ്ക്കു തീരുമാനമെടുക്കാം. ക്രിമിനൽ കേസ് പട്ടികയിൽ ഗുരുത സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പിരിച്ചുവിടലിനുള്ള പ്രാഥമിക നടപടി തുടങ്ങി.



