ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ലോകസമാധാന സന്ദേശം നൽകാൻ അവസരം നൽകണമെന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമർ സെലൻസ്കിയുടെ അഭ്യർഥന ഫിഫ നിരസിച്ചു. ഫൈനൽ മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിൽ തന്റെ വീഡിയോ സന്ദേശം നൽകണമെന്നായിരുന്നു സെലൻസ്കിയുടെ അഭ്യർഥന. ഇതു സംബന്ധിച്ച് യുക്രെയ്ൻ ഇപ്പോഴും ഫിഫയുമായി സംസാരിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്.
ഗ്രാമി അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നിവയുൾപ്പെടെ സർക്കാർ, സാംസ്കാരിക പരിപാടികളിലും ലോക വേദികളിലും സെലൻസ്കി സമാധാനത്തിനും സഹായത്തിനുമായി അഭ്യർഥന നടത്തിവരികയാണ്. എന്നാൽ, ഫിഫയാവട്ടെ രാഷ്ട്രീയ വിവാദങ്ങൾ ഫുട്ബോൾ വേദിയിൽനിന്നും മാറ്റിനിർത്താൻ ശ്രമിച്ചുവരികയാണ്.
ലൈംഗീക ന്യൂനപക്ഷങ്ങൾ കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയ വിഭാഗത്തോടുള്ള ഖത്തറിന്റെ സമീപനം സംബന്ധിച്ച് നിരവധി വിമർശനങ്ങൾ ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപ് ഉയർന്നിരുന്നു. ഇതിനോട്, ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ നിശതമായാണ് പ്രതികരിച്ചത്. ഖത്തറിന്റെ ലൈംഗീക ന്യൂനപക്ഷങ്ങളോടുള്ള വിവേചനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കളിക്കാർ മഴവിൽ നിറത്തിലുള്ള ആംബാൻഡ് ധരിക്കുന്നതിനെ ഫിഫ വിലക്കിയിരുന്നു.



