ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ട​ത്ത​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ‌ഉമേഷ്(30), ബി​രി സിംഗ്(40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൃ​ന്ദാ​വ​ൻ മേ​ഖ​ല​യി​ലെ വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​ൻ എ​ന്ന ഹോ​ട്ട​ലി​ൽ പു​ല​ർ​ച്ചെ നാലിനാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഹോ​ട്ട​ലി​ലെ താ​മ​സ​മു​റി​ക​ൾ​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ഭാ​ഗ​ത്തെ സ്റ്റോ​ർ റൂ​മി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്.

ജീ​വ​ന​ക്കാ​ർ വി​ശ്ര​മി​ക്കു​ന്ന ഈ ​ഭാ​ഗ​ത്തെ കി​ട​ക്ക​വി​രി​ക​ളും ഫ​യ​ലു​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. മൂ​ന്ന് നി​ല ഹോ‌​ട്ട​ലി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലും തീ ​പ​ട​ർ​ന്ന് പി​ടി​ച്ചി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ട​ന​ടി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ന്‍റെ മ​റു​ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അ​ധി​കൃ​ത​ർ അ​റി‌​യി​ച്ചു.