ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും രാജ്ഭവൻ ഇടപെടുമെന്നും സർക്കാരിനുള്ള മുന്നറിയിപ്പായി ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും ഗവർണർ ചോദിച്ചു. സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന് തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രി അത് പുറത്തുവിടണമെന്നും സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയായി ഗവർണർ പറഞ്ഞു.
രാജ്ഭവനിൽ ആര്‍എസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെപ്പോലും താന്‍ നിയമിച്ചിട്ടില്ല. ഇതു തെളിയിച്ചാൽ രാജിവയ്ക്കാൻ തയാറാണ്. മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്നും ഗവർണർ ചോദിച്ചു.
മന്ത്രി ബാലഗോപാലിനെതിരെയും ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു . ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി നല്‍കാന്‍ ഈ മാസം ഏഴ് വരെ സമയം നൽകിയിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.



