പാലക്കാട്: ഹൈടെക് കാർ മോഷ്ടാവും സഹായിയും പോലീസിന്റെ പിടിയിൽ. പാലക്കാട് ചിറ്റൂർ തെക്കേദേശം ആലാംകടവ് പാറക്കൽ വീട്ടിൽ നവാസ് (36), കൂട്ടുപ്രതി കോട്ടയം എം.എൽ. റോഡ് അറക്കേക്കുന്നേൽ വീട്ടിൽ മുഹമ്മദ് (44) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. ഫേസ്ബുക്കിൽ 317000 ഫോളോവേഴ്സുള്ളയാളാണ് പിടിയിലായ നവാസ്.

നവാസിന് ഫേസ്ബുക്കിൽ ‘പഴയ വാഹനം വില്പന’ എന്ന ഗ്രൂപ്പുണ്ട്. നവാസുതന്നെ പതിനഞ്ചോളം വ്യാജപേരുകളിൽ അഡ്മിനാണ്. ഗ്രൂപ്പിൽവരുന്ന വാഹനങ്ങൾ, വാങ്ങാനെന്ന വ്യാജേന നവാസ് വാഹന ഉടമസ്ഥരോട് ഫോണിൽ ബന്ധം സ്ഥാപിക്കും. ശേഷം ചെറിയ തുക അയച്ചുകൊടുത്ത് ടെസ്റ്റ് ഡ്രൈവിനായി വാഹനം ആവശ്യപ്പെടും. ഈ വാഹനങ്ങളുമായാണ് നവാസ് കടന്നുകളയുന്നത്.

ഒക്ടോബർ 24-ന് സമാനരീതിയിൽ ചന്ദ്രനഗറിൽവെച്ച് കോഴിക്കോട് വടകര കുറിഞ്ഞാലിയോട് കീഴത്തുവീട്ടിൽ ഭവീഷിന് 15,000 രൂപ മാത്രം കൊടുത്ത് നവാസ് കാറുമായി കടന്നു. പരാതിയെത്തുടർന്ന് സി.സി.ടി.വി., സി.ഡി.ആർ. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കുഴൽമന്ദത്തുനിന്നാണ് പ്രതികൾ പിടിയിലായത്. മോഷണം പോയ കാർ കോയമ്പത്തൂരിൽനിന്ന് കണ്ടെടുത്തു.

പ്രതികൾക്ക് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. നവാസിന്റെ പേരിൽ മാത്രം പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 14 മോഷണക്കേസുകളുണ്ട്. നിരവധി തവണ പ്രതികൾ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം പ്രതികൾ ആഡംബരജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്.

കസബ പോലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എം. ഉദയകുമാർ, എ. രംഗനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, ശിവാനന്ദൻ, സിവിൽ പോലീസ് ഓഫീസർ രജീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.