ന്യൂഡൽഹി: ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് ഋഷി സുനക്. അദ്ദേഹം അധികാരത്തിലേറുന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യക്കാർ. സമൂഹമാധ്യമങ്ങളിലൂടെ ചിലർ അവരുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരമായും ഇതിനെ ഉപയോഗിക്കുന്നുണ്ട്.

42കാരനായ സുനകിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയുമായുള്ള സാമ്യം കണ്ടുപിടിച്ചിരിക്കുകയാണ് ചില വിരുതന്മാർ. ഋഷി സുനകിന് അഭിനന്ദന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അവർ ഉപയോഗിച്ചത് ആശിഷ് നെഹ്‌റയുടെ ചിത്രങ്ങളാണ്. ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശിഷ് നെഹ്റയും തമ്മിൽ സംസാരിക്കുന്ന ചിത്രം പങ്കുവെച്ച് ‘കോഹിനൂർ രത്നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി മോദിയും സുനകും ചർച്ചയിൽ’ എന്ന് ട്വിറ്ററിൽ കുറിച്ചു.

ആശിഷ് നെഹ്റ ഒരു കുറിപ്പ് വായിക്കുന്ന പഴയ ചിത്രം പോസ്റ്റ് ചെയ്ത് ‘കോഹിനൂർ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്ലാൻ ചെയ്യുന്ന സുനക്’ എന്നായിരുന്നു വിവരണം. ആശിഷ് നെഹ്റ കുട്ടിയായിരുന്ന വിരാട് കോഹ്‍ലിക്ക് ഉപഹാരം സമ്മാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ‘ഋഷി സുനക് വിരാട് കോഹ്‍ലിക്കൊപ്പം’ എന്ന് അടിക്കുറിപ്പ് നൽകിയവരുമുണ്ട്.